കോട്ടയം: മുന്നണി മാറ്റം ചര്‍ച്ചയായിട്ടില്ലെന്നും അതേച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു മന്ത്രി റോഷി അഗസ്റ്റിനടക്കമുള്ള കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രതികരണം.
യുഡിഎഫിലേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച നേതാക്കള്‍, പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം ചെയര്‍മാന്‍ ജോസ് കെ. മാണി തന്നെ പറഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അസൂയയുള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും പറഞ്ഞു. പാര്‍ട്ടിയില്‍ ഇതുസംബന്ധിച്ച് ആശയക്കുഴപ്പമില്ല.
ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ടായത് മനംമാറ്റമാണെന്നും മുന്നണി മാറ്റം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുന്നണി മാറ്റം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്റെ അജണ്ടയില്‍ ഇല്ലെന്ന് എന്‍. ജയരാജ് എംഎല്‍എ പറഞ്ഞു.
യോഗത്തിനെത്തിയ ജോസ് കെ. മാണിയും യുഡിഎഫ് പ്രവേശനം തള്ളി. ഇന്നത്തെ യോഗത്തില്‍ അതൊന്നും ചര്‍ച്ചയാകില്ലെന്നും അജണ്ടയില്‍ ഇല്ലാത്ത വിഷയമാണിതെന്നും മാധ്യമങ്ങള്‍ അല്ല അജണ്ട തീരുമാനിക്കേണ്ടതെന്നും അദേഹം പറഞ്ഞു.
യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണ്. ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കില്‍ വായിച്ച് കഴിഞ്ഞ് അടച്ചു വെച്ചോളുവെന്നും കേരള കോണ്‍ഗ്രസ് എം. എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് മുമ്പായി ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ചയില്ലെന്ന് നേതാക്കള്‍ പരസ്യമായി പറയുമ്പോഴും പാര്‍ട്ടിയില്‍ അണിയറ നീക്കം സജീവമാണെന്നാണ് വിവരം. മുന്നണി മാറിയാല്‍ റോഷി അഗസ്റ്റിന്‍ അടക്കം മുഴുവന്‍ ആളുകളെയും ഒന്നിച്ച് യുഡിഎഫില്‍ എത്തിക്കാനാണ് പാര്‍ട്ടിക്കുള്ളില്‍ ശ്രമം നടക്കുന്നത്.
ജില്ലാ കമ്മിറ്റികളെയെല്ലാം ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങളും തുടരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യ സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം കൂടിയാണ് ഇന്ന് നടക്കുന്നത്.