അബുജ: മതം മനുഷ്യനെ വിഭജിക്കുന്ന കാലത്ത് സ്വന്തം ജീവൻ പണയം വെച്ച് 262 ക്രിസ്ത്യാനികളെ മരണത്തിൽ നിന്ന് രക്ഷിച്ച ഇമാം അബൂബക്കർ അബ്ദുള്ളാഹി (90) വിടവാങ്ങി. നൈജീരിയയിലെ പ്ലത്തൂ സംസ്ഥാനത്തെ വർഗീയ കലാപങ്ങൾക്കിടയിൽ സമാധാനത്തിന്റെ വെള്ളരിപ്രാവായി മാറിയ അദ്ദേഹത്തിന്റെ വിയോഗം ലോകമനസാക്ഷിക്ക് തീരാനഷ്ടമാണ്.
2018 ജൂണിലായിരുന്നു ലോകത്തെ ഞെട്ടിച്ച ആ സംഭവം. നൈജീരിയയിലെ 'ഘാർ' ഗ്രാമത്തിലേക്ക് തോക്കുധാരികളായ അക്രമികൾ ഇരച്ചുകയറി. ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യം. ഭയന്നോടിയ നൂറുകണക്കിന് ക്രിസ്ത്യാനികൾക്ക് മുന്നിൽ അന്ന് രക്ഷകനായി അവതരിച്ചത് ഇമാം അബൂബക്കർ ആയിരുന്നു.
ഓടിക്കിതച്ചെത്തിയ സ്ത്രീകളെയും കുട്ടികളെയും അദേഹം പള്ളിയിൽ ഒളിപ്പിച്ചു. പുരുഷന്മാരെ തന്റെ വീടിനുള്ളിലും സുരക്ഷിതരാക്കി. അക്രമികൾ പള്ളിയുടെ വാതിലിൽ എത്തിയപ്പോൾ ആ 83 കാരൻ അവർക്ക് മുന്നിൽ നെഞ്ചുവിരിച്ചു നിന്നു. അദേഹത്തിന്റെ ഈ വാക്കുകൾക്ക് മുന്നിൽ തോക്കുകൾ താഴ്ന്നു. അന്ന് അദ്ദേഹം രക്ഷിച്ചത് 262 മനുഷ്യജീവനുകളെയാണ്.
ഈ ധീരകൃത്യത്തിന് 2019-ൽ അമേരിക്കൻ ഭരണകൂടം അദ്ദേഹത്തെ 'ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം അവാർഡ്' നൽകി ആദരിച്ചിരുന്നു. ക്രൈസ്തവ-മുസ്ലീം സാഹോദര്യത്തിന്റെ മകുടോദാഹരണമായി ഫ്രാൻസിസ് പാപ്പ ഉൾപ്പെടെയുള്ളവർ ഇമാം അബൂബക്കറിനെ പ്രകീർത്തിച്ചിട്ടുണ്ട്.