ചൈനയിലെ ജനസംഖ്യ വീണ്ടും കുറയുന്നു; ജനന നിരക്ക് 17 ശതമാനം ഇടിഞ്ഞു

ചൈനയിലെ ജനസംഖ്യ വീണ്ടും കുറയുന്നു; ജനന നിരക്ക് 17 ശതമാനം ഇടിഞ്ഞു

ബെയ്ജിങ്: തുടര്‍ച്ചയായ നാലാം വര്‍ഷവും ജനസംഖ്യ കണക്കുകളില്‍ അപകടകരമായ ഇടിവ് നേരിട്ട് ചൈന.
തിങ്കളാഴ്ച പുറത്തു വന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചൈനയുടെ ജനസംഖ്യ 33.9 ലക്ഷം കുറഞ്ഞ് 140.5 കോടിയില്‍ എത്തി.

പത്ത് വര്‍ഷം മുന്‍പുള്ള രാജ്യത്തെ ജനന നിരക്കുമായി താരതമ്യം ചെയ്താല്‍ ഒരു കോടിയുടെ കുറവാണ് 2025 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 7.92 ദശലക്ഷം കുട്ടികളാണ് ജനിച്ചത്. 2024 ല്‍ ഇത് 9.54 ദശലക്ഷമായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനമാണ് 2025 ല്‍ ജനന നിരക്കില്‍ ഉണ്ടായിട്ടുള്ള കുറവ്.

1949 ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് 2025 ലേത്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പ്രകാരം ജനസംഖ്യ ഏറ്റവും കൂടിയ രാജ്യമായി ഇന്ത്യ മാറിയ 2023 ല്‍ ആയിരുന്നു ഇതിന് മുന്‍പ് ചൈനയില്‍ ഏറ്റവും കുറഞ്ഞ ജനന നിരക്ക് രേഖപ്പെടുത്തിയത്.

ചൈന നേരത്തെ നടപ്പാക്കിയ ഒറ്റക്കുട്ടി നയം ഉള്‍പ്പെടെയുള്ളവയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങളാണ് ഇപ്പോഴത്തെ കണക്കുകളില്‍ പ്രകടമാകുന്നത് എന്നാണ് വിലയിരുത്തല്‍.

നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ രാജ്യത്ത് പ്രായമേറിയവരും പ്രായം കുറഞ്ഞവരും തമ്മിലുള്ള അന്തരം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നു. 2024 ലെ കണക്കുകള്‍ പ്രകാരം ചൈനയില്‍ 60 വയസ് പിന്നിട്ടവരുടെ എണ്ണം 31 കോടിയിലധികമാണ്. 2035 ആകുമ്പോഴേക്കും ഇത് 40 കോടിയിലേക്ക് എത്തും.

അതേസമയം കഴിഞ്ഞ വര്‍ഷത്തില്‍ ഏകദേശം 11.31 ദശലക്ഷം മരണങ്ങളും ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിതെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഒറ്റക്കുട്ടി നയം തിരുത്തുന്ന നടപടികളുമായി രാജ്യം മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തു വരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.