കൊച്ചി: വൈറലാകുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ കണ്ടന്റുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ മനുഷ്യത്ത്വവും സാമൂഹിക ഉത്തരവാദിത്വങ്ങളും മനപൂര്‍വം മറക്കുകയാണെന്ന് കേരള പൊലീസ്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സോഷ്യല്‍ മീഡിയയിലെ പ്രവണതയെക്കുറിച്ച് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരാളുടെ ജീവിതം നശിപ്പിച്ച് നേടുന്ന റീച്ച് നേട്ടമല്ല. അത് സ്വന്തം പരാജയമാണെന്നത് മനസിലാക്കുക. അടിയന്തരമായി പൊലീസ് സഹായം ആവശ്യമുള്ള അവസരങ്ങളില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയല്ല, 112 എന്ന എമര്‍ജന്‍സി നമ്പറിലേക്കാണ് വിളിക്കേണ്ടതെന്നും പൊലീസ് ഓര്‍മപ്പെടുത്തുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
സോഷ്യല്‍ മീഡിയ വരുമാന മാര്‍ഗമായതോടെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ എണ്ണവും കൂടി. റീച്ചിനും ലൈക്കിനും വേണ്ടി സൃഷ്ടിക്കുന്ന കണ്ടന്റുകള്‍ മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന സാഹചര്യം വര്‍ധിച്ച് വരികയാണ്. ഈ പ്രവണതയുടെ ദൂഷ്യവശങ്ങള്‍ നമ്മള്‍ ഇനിയെങ്കിലും മനസിലാക്കണം. സോഷ്യല്‍ മീഡിയ മനുഷ്യരെ ബന്ധിപ്പിക്കുന്ന ഒരു ശക്തമായ മാധ്യമമാണ്.
അറിവ് പങ്കുവെയ്ക്കാനും, നല്ല ചിന്തകള്‍ പ്രചരിപ്പിക്കാനും, സമൂഹത്തെ മുന്നോട്ട് നയിക്കാനും ഇത് സഹായകമാണ്. എന്നാല്‍ വൈറലാകുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ കണ്ടന്റുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ മനുഷ്യത്ത്വവും സാമൂഹികമായ ഉത്തരവാദിത്വങ്ങളും മനപൂര്‍വം മറക്കുന്നു.
ഒരാളുടെ സ്വകാര്യ ജീവിതം അനുവാദമില്ലാതെ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതോ അവരുടെ തെറ്റുകളെ അതിരുകടന്ന് പരിഹസിക്കുന്നതോ, തെറ്റായ വാര്‍ത്തകളും അര്‍ധ സത്യങ്ങളും പ്രചരിപ്പിക്കുന്നതോ വ്യക്തികളുടെ മാനസികാരോഗ്യം, കുടുംബ ബന്ധങ്ങള്‍, സാമൂഹിക അംഗീകാരം എന്നിവ തകര്‍ത്ത് ജീവിതം തന്നെ ചോദ്യ ചിഹ്നമാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം.
മറ്റൊരാളുടെ ജീവിതം നശിപ്പിച്ച് നേടുന്ന റീച്ച് നേട്ടമല്ല. അത് സ്വന്തം പരാജയമാണെന്നത് മനസിലാക്കുക. അടിയന്തരമായി പൊലീസ് സഹായം ആവശ്യമുള്ള അവസരങ്ങളില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയല്ല, 112 എന്ന എമര്‍ജന്‍സി നമ്പറിലേക്കാണ് വിളിക്കേണ്ടത് എന്നതും ഓര്‍മ്മപ്പെടുത്തുന്നു.