കടൽ തീരത്ത് 19 കാരിയുടെ മൃതദേഹം; ചുറ്റും കാട്ടുനായ്ക്കൂട്ടം; ഓസ്‌ട്രേലിയയിൽ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

കടൽ തീരത്ത് 19 കാരിയുടെ മൃതദേഹം; ചുറ്റും കാട്ടുനായ്ക്കൂട്ടം; ഓസ്‌ട്രേലിയയിൽ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

കാൻബെറ: ഓസ്‌ട്രേലിയയിലെ വിനോദസഞ്ചാര കേന്ദ്രമായ കെഗാരി (ഫ്രേസർ ഐലൻഡ്) ദ്വീപിൽ 19 കാരിയായ കനേഡിയൻ യുവതിയെ കടൽ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാനഡയിലെ കാംപ്ബെൽ റിവർ സ്വദേശി പൈപ്പർ ജയിംസാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെ കടലിൽ നീന്താൻ പോകുകയാണെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയതായിരുന്നു പൈപ്പർ. ഒന്നര മണിക്കൂറിന് ശേഷം കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ ഓസ്‌ട്രേലിയയിലെ ഒരിനം കാട്ടുനായ്ക്കളായ 'ഡിംഗോ'കളുടെ ഒരു കൂട്ടം മൃതദേഹത്തിന് ചുറ്റുമുണ്ടായിരുന്നു.

പൈപ്പറിന്റെ ശരീരത്തിൽ കാട്ടുനായ്ക്കൾ കടിച്ചതിന്റെ പാടുകളുണ്ട്. എന്നാൽ മരണം നായ്ക്കളുടെ ആക്രമണം മൂലമാണോ അതോ കടലിൽ മുങ്ങിയാണോ സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.

പൈലറ്റ് ആകാൻ ആഗ്രഹിച്ചിരുന്ന പൈപ്പർ പഠനത്തിനിടെയുള്ള ഇടവേളയിൽ ഓസ്‌ട്രേലിയ സന്ദർശിക്കാനെത്തിയതായിരുന്നു. കഴിഞ്ഞ ആറാഴ്ചയായി ദ്വീപിലെ ഒരു ഹോസ്റ്റലിൽ ജോലി ചെയ്തു വരികയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.