ജീവനുവേണ്ടി ഫ്രാൻസ് തെരുവിലിറങ്ങി; ദയാവധ ബില്ലിനെതിരെ പ്രതിഷേധം ശക്തം

ജീവനുവേണ്ടി ഫ്രാൻസ് തെരുവിലിറങ്ങി; ദയാവധ ബില്ലിനെതിരെ പ്രതിഷേധം ശക്തം

പാരീസ് : ഫ്രാൻസിൽ 'ദയാവധത്തിന്' സമാനമായ പരസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പതിനായിരങ്ങൾ അണിനിരന്ന കൂറ്റൻ പ്രതിഷേധ റാലി. 'മാർച്ച് ഫോർ ലൈഫ്' എന്ന പേരിൽ പാരീസിൽ നടന്ന റാലിയിൽ കത്തോലിക്കാ വിശ്വാസികൾക്ക് പുറമെ വിവിധ മനുഷ്യാവകാശ സംഘടനകളും പങ്കുചേർന്നു.

ഫ്രഞ്ച് പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ 'എൻഡ് ഓഫ് ലൈഫ്' ബില്ലിന്മേലുള്ള ചർച്ചകളും വോട്ടെടുപ്പും നടക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമായത്. ജനുവരി 28-നാണ് ബില്ലിന്മേലുള്ള നിർണ്ണായക വോട്ടെടുപ്പ്. നേരത്തെ 2025 മെയ് മാസത്തിൽ ഫ്രഞ്ച് നാഷണൽ അസംബ്ലി 305 വോട്ടുകൾക്ക് ഈ ബിൽ പാസാക്കിയിരുന്നു. സെനറ്റിന്റെ കൂടി അംഗീകാരം ലഭിച്ചാൽ ഇത് നിയമമായി മാറും.

മരിക്കുവാൻ സഹായിച്ചുകൊണ്ടല്ല മറിച്ച് ജീവനെ സേവിച്ചുകൊണ്ടാണ് സമൂഹത്തിന് മാതൃകയാകേണ്ടതെന്ന് ഫ്രഞ്ച് ബിഷപ്പുമാർ സംയുക്ത പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു. ദയാവധം ചികിത്സയുടെ ഭാഗമായി മാറുന്നത് ധാർമ്മികതയ്ക്ക് നിരക്കാത്തതാണ്. കത്തോലിക്കാ ആശുപത്രികളിൽ പോലും ഇത്തരം കൃത്യങ്ങൾ ചെയ്യാൻ ഡോക്ടർമാരെ നിർബന്ധിക്കുന്നത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ബിഷപ്പുമാർ ചൂണ്ടിക്കാട്ടി.

ദയാവധമല്ല മികച്ച സാന്ത്വന ചികിത്സയാണ് ഫ്രാൻസിന് ആവശ്യമെന്നതായിരുന്നു റാലിയുടെ പ്രധാന മുദ്രാവാക്യം. രാജ്യത്തെ 25 ശതമാനം രോഗികൾക്കും ഇപ്പോഴും മതിയായ സാന്ത്വന ചികിത്സ ലഭ്യമല്ല. ഈ സാഹചര്യത്തിൽ അവർക്ക് മരണം ഒരു പരിഹാരമാർ​ഗമായി നൽകുന്നത് ക്രൂരതയാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. ജനുവരി 26 വരെ സെനറ്റിൽ ബില്ലിന്മേൽ വിശദമായ ചർച്ചകൾ തുടരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.