സിഡ്‌നി: വാരാന്ത്യത്തിൽ പെയ്ത അതിശക്തമായ മഴയെത്തുടർന്ന് സിഡ്‌നിയിലെ പ്രശസ്തമായ ബീച്ചുകളിൽ വീണ്ടും ദുരൂഹമായ 'മാലിന്യ ഗോളങ്ങൾ' (Debris balls) അടിഞ്ഞുകൂടി. മലബാർ ബീച്ചിലും ബോട്ടണി ബേയിലെ ഫോർഷോർ ബീച്ചിലുമാണ് തിങ്കളാഴ്ച ഇവ കണ്ടെത്തിയത്. സന്ദർശകർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മലിനജല പൈപ്പുകളിൽ കാലക്രമേണ അടിഞ്ഞുകൂടിയ എണ്ണ, കൊഴുപ്പ്, ഗ്രീസ് എന്നിവ ഉറച്ചുപോയതാണ് ഈ ഗോളങ്ങൾ. മണിക്കൂറുകൾക്കുള്ളിൽ 140 മില്ലിമീറ്റർ വരെ മഴ പെയ്തതോടെ ഉണ്ടായ ശക്തമായ നീരൊഴുക്കിൽ മലബാർ വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ആഴക്കടൽ ഔട്ട്‌ഫോൾ വഴി ഇവ പുറന്തള്ളപ്പെടുകയായിരുന്നു. 2024 അവസാനത്തിലും 2025 ന്റെ തുടക്കത്തിലും സിഡ്‌നി, സൗത്ത് കോസ്റ്റ്, സെൻട്രൽ കോസ്റ്റ് എന്നിവിടങ്ങളിൽ കണ്ടെത്തിയ അതേ മാലിന്യങ്ങളാണിവയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മാലിന്യ ഗോളങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ബീച്ചുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ സ്പർശിക്കരുതെന്ന് സിഡ്‌നി വാട്ടർ പൊതുജനങ്ങൾക്ക് നിർദേശം നൽകി. കൗൺസിലിന്റെ സഹായത്തോടെ സിഡ്‌നി വാട്ടർ ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. മാലിന്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുന്നുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും വക്താവ് അറിയിച്ചു.
ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കുന്നതിനായി മലബാർ മലിനജല സംസ്‌കരണ സംവിധാനം നവീകരിക്കുന്നതിന് മൂന്ന് ബില്യൺ ഡോളർ (ഏകദേശം 25,000 കോടി രൂപ) വകയിരുത്തിയതായി സിഡ്‌നി വാട്ടർ ചീഫ് എക്സിക്യൂട്ടീവ് ഡാരൻ ക്ലിയറി വ്യക്തമാക്കി. നഗരത്തിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് അനുസൃതമായി സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദേഹം കൂട്ടിച്ചേർത്തു.