കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്(41) ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിത മുസ്തഫ അറസ്റ്റില്‍. വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അന്വേഷണസംഘത്തിലുണ്ടായിരുന്ന വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തിയാണ് ഷിംജിതയെ പിടികൂടിയത്. തുടര്‍ന്ന് സ്വകാര്യ വാഹനത്തില്‍ പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. പ്രതിയെ ഉടന്‍ തന്നെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
ഷിംജിതയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. മരിച്ച കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്‌തൊടി ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഷിംജിത രാജ്യം വിട്ടേക്കുമെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്ു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ കോടതിയില്‍ ഷിംജിത മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. നാളെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നും സൂചനയുണ്ട്.
പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്നു കാണിച്ച് ഷിംജിത മുസ്തഫ ഇന്‍സ്റ്റഗ്രാമിലിട്ട് ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് ദീപക്ക് ജീവനൊടുക്കിയത്. സംഭവം നടന്ന സ്വകാര്യ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ ദീപക്കിന്റെയും ഷിംജിതയുടേയും ദൃശ്യം വ്യക്തമല്ല.
യുവതി ഇന്‍സ്റ്റഗ്രാമിലിട്ട ദൃശ്യത്തിന്റെ പൂര്‍ണ ഭാഗം വീണ്ടെടുക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതില്‍ എഡിറ്റിങ് നടന്നതായാണ് പൊലീസ് പറയുന്നത്. കൂടുതല്‍ തെളിവുകള്‍ക്കായി യുവതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുക്കും. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ യുവതി ഡിലീറ്റ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും.