ഭീകരവാദം അവസാനിപ്പിക്കാതെ സിന്ധു നദീജല കരാര്‍ പുനസ്ഥാപിക്കില്ലെന്ന് ഇന്ത്യ
ഇസ്ലാമബാദ്: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ പ്രകാരമുള്ള ജലവിതരണം നിര്‍ത്തിവച്ച ഇന്ത്യയുടെ നടപടിയില്‍ വലഞ്ഞ് പാക്കിസ്ഥാന്‍. ഇനി പാക്കിസ്ഥാന്റെ ജലസംഭരണികളില്‍ ഏതാണ്ട് 30 ദിവസത്തേക്കുള്ള ജലം മാത്രമേ അവശേഷിക്കുന്നുള്ളുവെന്നാണ് റിപ്പോര്‍ട്ട്.
മാത്രമല്ല പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഡാമുകളായ തര്‍ബേല, മംഗള എന്നിവ ഏറക്കുറെ വറ്റി (ഡെഡ് സ്റ്റോറേജ് ലെവല്‍) എന്നാണ് വിവരം.
രാജ്യത്തെ കാര്‍ഷിക മേഖലയുടെ ഏതാണ്ട് 85-90 ശതമാനവും ആശ്രയിച്ചിരുന്നത് സിന്ധുനദീ ജല കരാര്‍ പ്രകാരം ഇന്ത്യ നല്‍കിയിരുന്ന വെള്ളത്തെ ആയിരുന്നു. ഇത് നിലച്ചതോടെ വെട്ടിലായ പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ യുഎന്നില്‍ വരെ പരാതി ഉന്നയിച്ചിരുന്നു.
അതേസമയം പാക്കിസ്ഥാന്‍ ഭീകരവാദം പൂര്‍ണമായും അവസാനിപ്പിക്കാതെ കരാര്‍ പുനസ്ഥാപിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. 'വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല' എന്നായിരുന്നു ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതികരണം.
യുഎന്‍ രക്ഷാസമിതി, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍, ഷാങ്ഹായ് സഹകരണ കൗണ്‍സില്‍ തുടങ്ങിയ തലത്തിലെല്ലാം പാക്കിസ്ഥാന്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യ വെള്ളത്തെ ആയുധവല്‍ക്കരിച്ചു എന്നും പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ ഭീകരവാദത്തെ സ്വന്തം നയമായി സ്വീകരിക്കുന്നിടത്തോളം കാലം സിന്ധുനദിജല കരാര്‍ പുനസ്ഥാപിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയായിരുന്നു.