കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചുള്ള ദൃശ്യം പ്രചരിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫക്കായി പൊലീസ് ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്ന നടപടിയിലേക്ക് പൊലീസ് കടക്കും.
അതേസമയം ഇന്ന് തന്നെ കുന്നമംഗലം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനാണ് ഷിംജിതയുടെ നീക്കം. വടകര മുട്ടുങ്ങല്‍ വെസ്റ്റിലെ സഹോദരിയുടെ വീട്ടില്‍ ഒളിവിലായിരുന്ന ഷിംജിതയെ ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിലായിരുന്നു അറസ്റ്റ്.
ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ യുവതി ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും അത് സാധൂകരിക്കുന്ന തെളിവുകളോ മൊഴികളോ പൊലീസിന് ലഭിച്ചിട്ടില്ല. സംഭവം നടന്ന ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി വേഗത്തില്‍ ശേഖരിച്ച് തുടര്‍നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം.
ദീപക്കിന്റെ മാതാവിന്റെ പരാതിയില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ഷിംജിത ഒളിവില്‍ പോയത്. വിദേശബന്ധം ഉള്ളതിനാല്‍ ഇവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. വടകരയിലുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റിലായത്.
ഷിംജിത പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്ത് ദൈര്‍ഘ്യം കുറച്ചതായി പൊലീസ് കണ്ടെത്തി. ബസിലെ സിസി ടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഷിംജിതയ്‌ക്കെതിരെ ഐടി ആക്ടും മറ്റ് വകുപ്പുകളും ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പയ്യന്നൂരില്‍ ബസ് യാത്രയ്ക്കിടെ പകര്‍ത്തിയ വീഡിയോ ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.