അബുജ: നൈജീരിയയിലെ ദേവാലയങ്ങളിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കിടെയുണ്ടായ സായുധ ആക്രമണത്തിൽ തട്ടിക്കൊണ്ടുപോകപ്പെട്ട 167 ക്രൈസ്തവരുടെ മോചനം ഉടൻ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ്‌വൈഡ് (സി.എസ്.ഡബ്ല്യു) നൈജീരിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ജനുവരി 18 ന് കുർമിൻ വാലിയിലെ വിവിധ പള്ളികളിൽ നിന്നാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികളെ സായുധ സംഘം ബന്ദികളാക്കിയത്. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെ മോട്ടോർ സൈക്കിളുകളിലും മറ്റുമായി എത്തിയ അക്രമികൾ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ആക്രമണം നടത്തിയത്.
ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ, അൽബാർക്ക ചെറൂബിം, സെറാഫിം തുടങ്ങിയ ദേവാലയങ്ങളിലെ വിശ്വാസികളെയാണ് ഇവർ ലക്ഷ്യമിട്ടത്. ഫുലാനി മിലിഷ്യയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
വിശ്വാസികളെ ഭീഷണിപ്പെടുത്തി സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയതായാണ് റിപ്പോർട്ടുകൾ. ഇതിൽ പ്രായമായ സ്ത്രീകളെയും കുട്ടികളെയും പിന്നീട് വിട്ടയച്ചു. 11 പേർ അക്രമികളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. എന്നാൽ 167 പേർ ഇപ്പോഴും സായുധ സംഘത്തിന്റെ കസ്റ്റഡിയിലാണെന്ന് സി.എസ്.ഡബ്ല്യു വക്താക്കൾ അറിയിച്ചു.
അതേസമയം സംഭവം പുറത്തറിയാതിരിക്കാൻ അധികൃതർ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ എത്തിയ സി.എസ്.ഡബ്ല്യു പ്രതിനിധികളെ സംഭവസ്ഥലത്തേക്ക് കടത്തിവിടാതെ സൈന്യം തടഞ്ഞു. ആക്രമണവിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെക്കുന്നതിൽ നിന്ന് പ്രദേശവാസികളെ വിലക്കിയിട്ടുണ്ടെന്നും ഈ നടപടി അതീവ ഗൗരവകരമാണെന്നും സി.എസ്.ഡബ്ല്യു സ്ഥാപക പ്രസിഡന്റ് മെർവിൻ തോമസ് കുറ്റപ്പെടുത്തി.
ബന്ദികളാക്കപ്പെട്ടവരുടെ സുരക്ഷയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ സംഘടന, പൗരന്മാരുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.