കുടിയേറ്റ പരിശോധനയ്ക്കിടെ അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; 37 കാരൻ കൊല്ലപ്പെട്ടു; പ്രതിഷേധം ശക്തം

കുടിയേറ്റ പരിശോധനയ്ക്കിടെ അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; 37 കാരൻ കൊല്ലപ്പെട്ടു; പ്രതിഷേധം ശക്തം

വാഷിങ്ടൺ : ആഴ്ചകൾക്ക് മുമ്പ് വെടിവയ്പ് നടന്ന മിനിയാപൊളിസിൽ ശനിയാഴ്ച ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വീണ്ടും ഒരാളെ വെടിവച്ചു കൊന്നു. സംഭവത്തെ തുടർന്ന് മിനിയാപൊളിസിൽ പ്രതിഷേധങ്ങൾ ഉടലെടുത്തു.

37 വയസുള്ള ആളാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയ മിനിയാപൊളിസ് പൊലീസ് മേധാവി ബ്രയാൻ ഒ'ഹാര പക്ഷേ കൊല്ലപ്പെട്ടയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. വെടിവയ്പ്പിലേക്ക് നയിച്ചത് എന്താണെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും അറിവായിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.

ട്രംപ് ഭരണകൂടത്തിൻ്റെ കുടിയേറ്റ നിയന്ത്രണത്തിൻ്റെ ഭാഗമായി ഫെഡറൽ ഉദ്യോഗസ്ഥർ ഓപ്പറേഷൻ നടത്തുന്നതിനിടെ കൈത്തോക്കുമായി അവരെ തടയാൻ ശ്രമിച്ചയാളെ നിരായുധീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ വക്താവ് ട്രീഷ്യ മക്‌ലോഫ്ലിൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. പൊലീസ് നടത്തിയത് പ്രതിരോധത്തിൻ്റെ ഭാഗമായുള്ള വെടിവയ്പാണെന്നും ട്രീഷ്യ മക്‌ലോഫ്ലിൻ അറിയിച്ചു.

സംഭവത്തിൻ്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. വീഡിയോയിൽ ഏഴ് ഓഫീസർമാർ ഒരാളെ വളഞ്ഞിരിക്കുന്നതായും ഇയാൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നതായും കാണാം. ഇതിൽ ഒരാൾ ഇയാളെ മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടയിൽ വെടിശബ്ദം കേൾക്കുന്നതും ഓഫീസർമാർ പിറകോട്ട് മാറുന്നതും കാണാം. പിന്നീട് തുടർച്ചയായി വെടിശബ്ദം കേൾക്കുന്നുണ്ടെങ്കിലും അത് എവിടെ നിന്നാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാകുന്നില്ല. വെടിയേറ്റതിനെ തുടർന്ന് യുവാവ് റോഡിൽ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തെ തുടർന്ന് മിനിയാപൊളിസിൽ പ്രതിഷേധം കത്തിപ്പടരുകയാണ്. പൊതുജനങ്ങളും ഫെഡറൽ നിയമപാലകരും ശാന്തത പാലിക്കണമെന്ന് പൊലീസ് മേധാവി അഭ്യർഥിച്ചു. രണ്ടാഴ്ച മുമ്പ് ജനുവരി 7 ന് ഒരു ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ് 37കാരിയായ റെനി ഗുഡ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ സംഭവം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.