വിസാ സ്റ്റാമ്പിങിനായി നാട്ടിലെത്തിയ പലരും ഇപ്പോള്‍ തിരിച്ചു പോകാനാവാതെ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ വിസാ സ്റ്റാമ്പിങിനായി ഇന്ത്യയിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ഇമിഗ്രേഷന്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാഷിംങ്ടണ്‍: എച്ച്1 ബി വിസ നടപടികളിലെ വലിയ കാലതാമസം അമേരിക്കയില്‍ ജോലി ചെയ്യുന്നവരും ജോലി തേടുന്നവരുമായ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകുന്നു. ഇന്ത്യയിലെ യു.എസ് കോണ്‍സലേറ്റുകളില്‍ വിസാ അഭിമുഖത്തിനുള്ള സമയം ലഭ്യമാകുന്നില്ല എന്നതാണ് പ്രശ്‌നം.
കാത്തിരിപ്പ് കാലാവധി 2027 പകുതി വരെ നീണ്ടതായി പലര്‍ക്കും അറിയിപ്പ് വന്നിട്ടുണ്ട്. 2025 ഡിസംബറിലാണ് വിസാ നടപടികളില്‍ ആദ്യമായി തടസങ്ങള്‍ കണ്ടു തുടങ്ങിയത്. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന അഭിമുഖങ്ങള്‍ ആദ്യം 2026 മാര്‍ച്ചിലേക്കും പിന്നീട് ഒക്ടോബറിലേക്കും മാറ്റി. എന്നാല്‍ ഇപ്പോഴുള്ള അപ്പോയിന്‍മെന്റുകള്‍ 18 മാസത്തോളം നീട്ടി 2027 ലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
2025 ഡിസംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരം അപേക്ഷകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ സമയം എടുക്കുന്നത് അഭിമുഖങ്ങളുടെ എണ്ണം കുറയാന്‍ കാരണമായി. മുന്‍പ് ഇന്ത്യക്കാര്‍ക്ക് മറ്റു രാജ്യങ്ങളില്‍ പോയി വിസ സ്റ്റാമ്പ് ചെയ്യാന്‍ കഴിയുമായിരുന്നു.
എന്നാല്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഈ സൗകര്യം നിര്‍ത്തലാക്കിയതോടെ എല്ലാ അപേക്ഷകരും ഇന്ത്യന്‍ കോണ്‍സലേറ്റുകളെ മാത്രം ആശ്രയിക്കേണ്ടി വന്നു. വിസ നല്‍കുന്നതില്‍ ട്രംപ് ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇമിഗ്രേഷന്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ എച്ച്1 ബി അപേക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസും തിരിച്ചടിയാണ്.
അതേസമയം വിസാ സ്റ്റാമ്പിങിനായി നാട്ടിലെത്തിയ പലരും ഇപ്പോള്‍ തിരിച്ചു പോകാനാവാതെ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുകയാണ്. പലരുടെയും ഭാര്യമാരും കുട്ടികളും അമേരിക്കയിലാണുള്ളത്. മാസങ്ങള്‍ നീളുന്ന വേര്‍പിരിയല്‍ പ്രവാസികള്‍ക്കിടയില്‍ കടുത്തമാനസിക വിഷമവും ഉണ്ടാക്കുന്നുണ്ട്.
ദീര്‍ഘകാലം ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്തത് ഐടി മേഖലയിലുള്ളവരുടെ തൊഴില്‍ സുരക്ഷയെയും ബാധിക്കുന്നുണ്ട്. ചില കമ്പനികള്‍ താല്‍ക്കാലികമായി വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നുണ്ടെങ്കിലും ഇതിനും ചില പരിമിതികളുണ്ട്. ടെക് മേഖലയെ കൂടാതെ അമേരിക്കയിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
മറ്റ് വികസിത രാജ്യങ്ങള്‍ വിദഗ്ദ്ധ തൊഴിലാളികള്‍ക്കായി വിസാ നടപടികള്‍ ലളിതമാക്കുകയും കൂടുതല്‍ സുതാര്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍, നിലവിലെ പ്രതിസന്ധി അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ സാഹചര്യത്തില്‍ വിസാ സ്റ്റാമ്പിങിനായി ഇന്ത്യയിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ഇമിഗ്രേഷന്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിസ പുതുക്കാന്‍ നാട്ടിലെത്തുന്നവര്‍ക്ക് ജോലി നഷ്ടപ്പെടാനും കമ്പനികള്‍ പുതിയ തൊഴില്‍ അപേക്ഷകള്‍ നല്‍കുന്നതിന് മടി കാണിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.