മനില: തെക്കൻ ഫിലിപ്പീൻസിൽ മുന്നൂറിലധികം യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി 15 പേർ മരിച്ചു. ജോളോ ദ്വീപിലേക്ക് പോയ ‘എം.വി. തൃഷ കേർസ്റ്റിൻ 3’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാണാതായ നൂറിലധികം പേർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്.
തിങ്കളാഴ്ച പുലർച്ചെ 1. 50 ന് സാംബോംഗ സിറ്റിയിൽ നിന്നാണ് ബോട്ട് യാത്ര തിരിച്ചത്. ഏകദേശം നാല് മണിക്കൂറിന് ശേഷം ബാസിലാൻ പ്രവിശ്യയിലെ ബലൂക്ക്-ബലൂക്ക് ദ്വീപിന് സമീപം വെച്ച് ബോട്ട് മുങ്ങുകയായിരുന്നു. തീരത്തുനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ (1 നോട്ടിക്കൽ മൈൽ) അകലെയായിരുന്നു അപകടം.
തീരസംരക്ഷണ സേനയുടെ കണക്കുകൾ പ്രകാരം 332 യാത്രക്കാരും 27 ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷപ്പെടുത്തിയവരെ തലസ്ഥാന നഗരമായ ഇസബെലയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.