വത്തിക്കാൻ സിറ്റി: വിശ്വാസവും നയതന്ത്രവും ഒത്തുചേർന്ന അവിസ്മരണീയ നിമിഷങ്ങൾക്ക് വത്തിക്കാൻ സാക്ഷിയായി. ലക്സംബർഗ് ഭരണാധികാരി ഗ്വെയിലും അഞ്ചാമനും പത്നി സ്റ്റെഫാനിയും കുട്ടികളുമടങ്ങുന്ന രാജകുടുംബം വത്തിക്കാനിലെത്തി ലിയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ചു.
അപ്പസ്തോലിക കൊട്ടാരത്തിലെത്തിയ രാജകുടുംബത്തെ മാർപാപ്പ സ്നേഹപൂർവ്വം സ്വീകരിച്ചു. രാജകീയ പ്രൌഢിയേക്കാളുപരി കുടുംബബന്ധങ്ങളുടെയും മൂല്യങ്ങളുടെയും നേർക്കാഴ്ചയായി ഈ സന്ദർശനം മാറി. സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ, ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ എന്നിവരുമായും രാജകുടുംബം ചർച്ചകൾ നടത്തി. കേവലമൊരു സൗഹൃദ സന്ദർശനത്തിനപ്പുറം ലോകം ഉറ്റുനോക്കുന്ന ഗൗരവകരമായ വിഷയങ്ങൾ ചർച്ചയിൽ കടന്നുവന്നു.
സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധം, ഉഭയകക്ഷി സഹകരണം എന്നിവ ചർച്ചാവിഷയമായി. യുവജനങ്ങളുടെ വിദ്യാഭ്യാസം, സാമൂഹിക ഐക്യം, മനുഷ്യജീവന്റെ അന്തസ് സംരക്ഷിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഇരുപക്ഷവും ആശയവിനിമയം നടത്തി. യൂറോപ്പിലെ നിലവിലെ സാഹചര്യങ്ങളും അന്താരാഷ്ട്ര കാര്യങ്ങളും ചർച്ചയിൽ കടന്നുവന്നതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.