വാഷിങ്ടണ്‍: ദക്ഷിണ കൊറിയന്‍ ഉല്‍പന്നങ്ങളുടെ തീരുവ 25 ശതമാനം ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസുമായി നേരത്തേ ഉണ്ടാക്കിയ വ്യാപാര ഉടമ്പടി ദക്ഷിണ കൊറിയ പാലിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
വാഹനങ്ങള്‍, തടി ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ തീരുവ 15 ശതമാനത്തില്‍ നിന്ന് 25 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യു.എസും ദക്ഷിണ കൊറിയയും തമ്മില്‍ വ്യാപാര സുരക്ഷാ കരാറില്‍ ഏര്‍പ്പെട്ടതിന് മാസങ്ങള്‍ക്ക് ശേഷമാണ് നടപടി.
കഴിഞ്ഞ ഒക്ടോബറില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജേ-മ്യൂങുമായുള്ള കൂടിക്കാഴ്ചയിലാണ് വ്യാപാര കരാറുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. ദക്ഷിണ കൊറിയയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍ക്കൊപ്പം അമേരിക്കയുടെ തീരുവ വെട്ടിക്കുറയ്ക്കലുകളും ഉള്‍പ്പെടുത്തിയതിന് ശേഷവുമാണ് കരാര്‍ അന്തിമമാക്കിയത്.
അന്നത്തെ കരാര്‍ പ്രകാരം, വാഹനങ്ങള്‍, കാര്‍ ഭാഗങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുള്‍പ്പെടെ ദക്ഷിണ കൊറിയന്‍ ഉല്‍പന്നങ്ങള്‍ക്ക് 15 ശതമാനം തീരുവയാണ് തീരുമാനിച്ചിരുന്നത്.
ദക്ഷിണ കൊറിയന്‍ കാറുകള്‍ക്കുള്ള യു.എസ് തീരുവ 25 ശതമാനത്തില്‍ നിന്ന് കുറച്ചതായിരുന്നു കരാറിലെ നിര്‍ണായക തീരുമാനം. ദക്ഷിണ കൊറിയയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ 27 ശതമാനവും ഓട്ടോമൊബൈല്‍ വ്യവസായവുമായി ബന്ധപ്പെട്ടതാണ്.