ബ്രസാവില്ല: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വീണ്ടും ഐ.എസ് ഭീകരരുടെ നരനായാട്ട്. നോർത്ത് കിവുവിലെ മുസെൻഗെ ഗ്രാമത്തിൽ അഞ്ച് ക്രൈസ്തവ വിശ്വാസികളെ ഭീകരർ കഴുത്തറുത്ത് കൊലപ്പെടുത്തി. "ദൈവത്തിന് സ്തുതി" എന്ന തലക്കെട്ടോടെ ഇസ്ലാമിക് സ്റ്റേറ്റ്സ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
ഇസ്ലാമിക് സ്റ്റേറ്റ് സെൻട്രൽ ആഫ്രിക്ക പ്രൊവിൻസ് ആണ് ആക്രമണത്തിന് പിന്നിൽ. ജനുവരി 24 നായിരുന്നു സംഭവം. കൊലപാതകത്തിന് പുറമെ ഗ്രാമം പൂർണ്ണമായും ഭീകരർ ചാമ്പലാക്കി. ഒരു ആരോഗ്യ കേന്ദ്രവും 63 വീടുകളും ഇവർ അഗ്നിക്കിരയാക്കി. ആക്രമണത്തെത്തുടർന്ന് ഭയചകിതരായ ഗ്രാമവാസികൾ പ്രാണരക്ഷാർത്ഥം വീടുവിട്ട് പലായനം ചെയ്യുകയാണ്.
വടക്കുകിഴക്കൻ കോംഗോയിൽ ക്രൈസ്തവരുടെ എണ്ണം വർധിക്കുന്നതും പ്രദേശം ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയായി മാറുന്നതുമാണ് ഭീകരരെ പ്രകോപിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. എം 23 എന്ന വിമത ഗ്രൂപ്പും മേഖലയിൽ സജീവമാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവിടെ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം രൂക്ഷമാണ്. ജനുവരി 16 ന് ലുബെറോ ജില്ലയിൽ അഞ്ച് പേരെയും തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം മാഫ്‌വിയിൽ ഏഴ് പേരെയും ഭീകരർ തലയറുത്ത് കൊലപ്പെടുത്തിയിരുന്നു. 2024 ഡിസംബർ മുതൽ വടക്കുകിഴക്കൻ കോംഗോയിൽ മാത്രം 800-ലധികം ക്രൈസ്തവരെ കൊലപ്പെടുത്തിയതായാണ് ഐ.എസ്.സി.എ.പിയുടെ അവകാശവാദം.