വത്തിക്കാൻ സിറ്റി: സുവിശേഷം സാഹോദര്യത്തിനും സമാധാനത്തിനുമായുള്ള പ്രേരക ശക്തിയാണെന്നും എല്ലാ മാനുഷിക പരിതസ്ഥിതികളിലും സുവിശേഷം പ്രഘോഷിക്കണമെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ഭയത്താലോ പ്രതികൂല സാഹചര്യങ്ങൾ മൂലമോ തളർന്നുപോകരുതെന്നും ദൈവത്തിന്റെ സമയ ക്രമീകരണത്തിൽ വിശ്വസിക്കണമെന്നും മാർപാപ്പാ കൂട്ടിച്ചേർത്തു.
ഞായറാഴ്ച ത്രികാലജപ പ്രാർഥനയ്ക്ക് ഒരുക്കമായി നൽകിയ വചനസന്ദേശത്തിൽ യേശുവിന്റെ പരസ്യ ശുശ്രൂഷയുടെ ആരംഭത്തെക്കുറിച്ചുള്ള വിചിന്തനങ്ങളാണ് പാപ്പാ പങ്കുവെച്ചത്. ആദ്യ ശിഷ്യരെ വിളിക്കുന്ന സുവിശേഷ ഭാഗം ധ്യാനിക്കുമ്പോൾ, 'യേശു എപ്പോഴാണ് സുവിശേഷം പ്രസംഗിക്കാൻ തുടങ്ങിയത്? എവിടെയാണ് അത് തുടങ്ങിയത് ?' എന്ന ഈ രണ്ടു ചോദ്യങ്ങൾ നമ്മുടെ ചിന്തയിൽ കൊണ്ടുവരണമെന്ന് പാപ്പാ പറഞ്ഞു.
ദൈവത്തിന്റെ സമയത്തിൽ വിശ്വസിക്കുക
യോഹന്നാൻ തടവിലായി എന്ന് കേട്ടപ്പോഴാണ് യേശു തൻ്റെ പ്രസംഗം ആരംഭിച്ചത്. തീർത്തും അനുകൂലമല്ലാത്തതും അനിശ്ചിതത്വം നിറഞ്ഞതുമായ ഒരു സമയമായിരുന്നു അത്. എന്നാൽ, 'സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു' എന്നു പ്രഖ്യാപിച്ചുകൊണ്ട്, സുവിശേഷത്തിന്റെ വെളിച്ചം കൊണ്ടുവരാനായി അവിടുന്ന് പ്രസംഗം ആരംഭിക്കാൻ തെരഞ്ഞെടുത്തത് ഈ ഇരുണ്ട സാഹചര്യമായിരുന്നു.
ഈ കാലഘട്ടത്തിലെ വിശ്വാസികളായ നമുക്കും ഇതേ അനുഭവങ്ങൾ ഉണ്ടാകാവുന്നതാണ്. വ്യക്തിപരമായോ സഭാപരമായോ നാം നേരിടുന്ന ആന്തരിക സംഘർഷങ്ങളും പ്രതികൂല സാഹചര്യങ്ങളും സുവിശേഷ പ്രഘോഷണത്തിനുള്ള ഉചിതമായ സമയം ഇപ്പോഴല്ല എന്ന് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിച്ചേക്കാം. ചില സാഹചര്യങ്ങളെ പരിവർത്തനപ്പെടുത്താൻ സാധിക്കാത്തതിനാൽ ഉചിതമായ തീരുമാനമെടുക്കാൻ സമയമായിട്ടില്ലെന്നും നാം കരുതിയേക്കാം.
ഇപ്രകാരം നാം വൈമനസ്യം കാണിച്ചാൽ, അത് നമ്മെ അനിശ്ചിതത്വത്തിന്റെയും 'അമിത വിവേകത്തിന്റെയും' തടവുകാരാക്കി മാറ്റും. അതേസമയം, സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നത് സാഹസികമായ വിശ്വസ്തതയാണ്. നാം തയ്യാറല്ലെന്നോ സാഹചര്യങ്ങൾ പ്രതികൂലമാണെന്നോ നമുക്ക് തോന്നിയാലും, ദൈവം സദാ പ്രവർത്തന നിരതനാണെന്നും ഓരോ നിമിഷവും 'ദൈവത്തിന് അനുകൂല സമയമാണെന്നും' പാപ്പാ വിശ്വാസികളെ ഓർമ്മപ്പെടുത്തി.
അതിരുകളില്ലാത്ത ദൗത്യം
തുടർന്ന്, യേശു തന്റെ ദൗത്യം ആരംഭിച്ച സ്ഥലത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ലിയോ പാപ്പാ എടുത്തുപറഞ്ഞു. പ്രധാനമായും വിജാതീയർ അധിവസിച്ചിരുന്ന ഗലീലിയിലെ കഫർണാം എന്ന സ്ഥലം, അവിടെ നടന്നിരുന്ന വ്യാപാരങ്ങൾ മൂലം വിവിധ സംസ്കാരങ്ങളും മതങ്ങളുമെല്ലാം ചേർന്ന് രൂപപ്പെടുത്തിയ ഒരു പ്രദേശമായിരുന്നു. അവിടെ സ്ഥിരതാമസമാക്കിയതിലൂടെ, തൻ്റെ ദൗത്യം ഇടുങ്ങിയ അതിരുകൾക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല എന്ന് യേശു വ്യക്തമാക്കുകയായിരുന്നു. ആരെയും ഒഴിവാക്കാതെ, എല്ലാവരെയും തന്നോട് ചേർത്തുനിർത്തുന്ന ഒരു ദൈവത്തെക്കുറിച്ചാണ് മിശിഹായുടെ ഈ പ്രവൃത്തിയിലൂടെ നമുക്ക് വെളിപ്പെടുന്നത്.
ഈ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ, ഉൾവലിയാനും പിന്തിരിയാനുമുള്ള പ്രലോഭനത്തെ ചെറുത്തു തോൽപ്പിക്കാൻ ക്രിസ്ത്യാനികളായ നമുക്ക് കഴിയണമെന്ന് ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞു. ഏതൊരു സാഹചര്യത്തിലും പ്രഘോഷിക്കപ്പെടേണ്ടതും ജീവിക്കേണ്ടതുമായ ഒന്നാണ് സുവിശേഷം. എല്ലാ വ്യക്തികൾക്കും സംസ്കാരങ്ങൾക്കും മതങ്ങൾക്കും ജനതകൾക്കുമിടയിൽ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പുളിമാവായി അതു പ്രവർത്തിക്കണം - പാപ്പാ വിശദമാക്കി.
അവസാനമായി, കർത്താവിന്റെ വിളിയോട് ഉദാരമായി പ്രതികരിക്കാൻ പരിശുദ്ധ പിതാവ് വിശ്വാസികൾക്ക് പ്രോത്സാഹനം നൽകി. 'ആദ്യ ശിഷ്യരെപ്പോലെ, കർത്താവിൻ്റെ ക്ഷണം സന്തോഷത്തോടെ നമുക്ക് സ്വീകരിക്കാം. ജീവിതത്തിൽ, എല്ലാ സമയത്തും എല്ലായിടത്തും സർവ്വത്ര വ്യാപിക്കുന്ന അവിടുത്തെ സ്നേഹവും സാന്നിധ്യവും സന്തോഷപൂർവ്വം ആശ്ലേഷിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്' - ഈ വാക്കുകളോടെ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.