മെക്സിക്കോ സിറ്റി: കത്തോലിക്ക വിശ്വാസവും വൈദികശുശ്രൂഷയും ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ജീവൻ വെടിയേണ്ടിവന്ന മെക്സിക്കൻ രക്തസാക്ഷികളുടെ ജീവത്യാഗത്തിന് നൂറുാണ്ട് തികയുന്നു. ക്രിസ്റ്റെറോ യുദ്ധകാലത്ത് മെക്സിക്കോയിലെ സാകാറ്റെകാസ് സംസ്ഥാനത്തുള്ള ചാൽച്ചിഹുയിറ്റ്സിൽ രക്തസാക്ഷിത്വം വരിച്ച നാല് വിശുദ്ധരുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഏകദേശം 15,000-ത്തോളം വിശ്വാസികളാണ് ഇക്കഴിഞ്ഞ ശനിയാഴ്ച (ഓഗസ്റ്റ് 15) ഒത്തുകൂടിയത്.
നൂറാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിൽ മെക്സിക്കോയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയും മാർപാപ്പയുടെ പ്രതിനിധിയുമായ ആർച്ച് ബിഷപ്പ് ജോസഫ് സ്പിറ്റേരി അധ്യക്ഷത വഹിച്ചു.
1926 ഓഗസ്റ്റ് 15 ന് പ്യൂർട്ടോ ഡി സാന്താ തെരേസ പട്ടണത്തിൽവെച്ചാണ് ലൂയിസ് ബാറ്റിസ് സെയ്ൻസ്, മാനുവൽ മൊറേൽസ്, സാൽവഡോർ ലാറ പുഎന്റെ, ഡേവിഡ് റോൾഡാൻ ലാറ എന്നിവർ രക്തസാക്ഷിത്വം വരിച്ചത്. ഡുരാംഗോ അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങിലേക്ക് ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേർന്നത്.
ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസം സ്വതന്ത്രമായും സമാധാനപരമായും പ്രഖ്യാപിച്ചുകൊണ്ടാണ് ആ നാല് രക്തസാക്ഷികളും ജീവൻ സമർപ്പിച്ചതെന്ന് ആർച്ച് ബിഷപ്പ് ജോസഫ് സ്പിറ്റേരി അനുസ്മരിച്ചു.
സാൻ പെഡ്രോ ഇടവകയിലെ വൈദികനായിരുന്ന വിശുദ്ധ ലൂയിസ് ബാറ്റിസ് സെയ്ൻസ്, യുവജനങ്ങളുടെ ഇടയിലെ പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു. പ്ലൂട്ടാർക്കോ ഏലിയാസ് കാലെസിന്റെ ഭരണകൂടത്തിന് കീഴിൽ മതപരമായ പീഡനങ്ങൾ ശക്തമായിരുന്ന ആ കാലഘട്ടത്തിൽ മെക്സിക്കോയിൽ പരസ്യമായ ആരാധനകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് 15 ദിവസങ്ങൾക്ക് ശേഷം അദേഹത്തെ സൈന്യം അറസ്റ്റ് ചെയ്യുകയും 1926 ഓഗസ്റ്റ് 15-ന് വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തു.
വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ മാനുവൽ മൊറേൽസ്, 'മെക്സിക്കൻ കാത്തലിക് യൂത്ത് ആക്ഷൻ' അംഗവും മതവിരുദ്ധ വ്യവസ്ഥകൾക്കെതിരെ പ്രവർത്തിച്ച 'നാഷണൽ ലീഗ് ഫോർ ദി ഡിഫൻസ് ഓഫ് റിലീജിയസ് ലിബർട്ടി'യുടെ പ്രസിഡന്റുമായിരുന്നു. ലൂയിസ് ബാറ്റിസിനൊപ്പമാണ് അദ്ദേഹത്തെയും ഫെഡറൽ സൈനികർ വെടിവെച്ചുകൊന്നത്.
ഖനന കമ്പനിയിൽ ജോലി ചെയ്തിരുന്ന 21 കാരനായ സാൽവഡോർ ലാറ പുഎന്റെയും 'കാത്തലിക് ആക്ഷൻ' സംഘടനയിൽ സജീവമായിരുന്നു. തന്നെ തേടി പട്ടാളക്കാർ എത്തിയപ്പോൾ "ഇതാ, ഞാനിവിടെയുണ്ട്" എന്നായിരുന്നു ധീരമായി മറുപടി നൽകിയത്. അദേഹത്തിന്റെ അടുത്ത ബന്ധുവും 24 കാരനുമായ ഡേവിഡ് റോൾഡാൻ ലാറയും ഇടവക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വ്യക്തിയാണ്. ഇരുവരെയും സൈന്യം വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
1992 നവംബർ 22 ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുകയും, തുടർന്ന് 2000 മെയ് 21 ന് വിശുദ്ധരായി ഉയർത്തുകയും ചെയ്തു. ക്രിസ്തീയ വിശ്വാസത്തിന് വേണ്ടി നിലകൊണ്ട് ജീവൻ വെറുത്തുനൽകിയ ഈ രക്തസാക്ഷികളുടെ ഓർമ്മകൾ വിശ്വാസ സമൂഹത്തിന് എക്കാലത്തും വലിയൊരു പ്രചോദനമാണ്.