വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭ സെപ്റ്റംബർ ഒന്നിന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം ആചരിക്കുന്നു. പ്രകൃതി സംരക്ഷണത്തിനും പ്രാർത്ഥനയ്ക്കും ഒപ്പം നിരായുധീകരണത്തിനും ലോകസമാധാന സ്ഥാപനത്തിനും വേണ്ടിയുള്ള ആഹ്വാനവുമായാണ് ഈ വർഷത്തെ ദിനാചരണം കടന്നുവരുന്നത്. യുദ്ധവും പരിസ്ഥിതി നാശവും മനുഷ്യഹൃദയത്തിലെ അസന്തുലിതാവസ്ഥയുടെ പ്രതിഫലനമാണെന്ന് മാർപാപ്പ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
ആയുധങ്ങളെ സമാധാനത്തിന്റെ ഉപകരണങ്ങളാക്കി മാറ്റണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഏശയ്യ പ്രവാചകന്റെ ഗ്രന്ഥത്തിലെ "ജനപദങ്ങളുടെ തർക്കങ്ങൾ അവസാനിപ്പിക്കും. അവരുടെ വാൾ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും" (ഏശയ്യാ 2:4) എന്ന തിരുവചനം ഉദ്ധരിച്ചുകൊണ്ട് നാശത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ജീവൻ പരിപോഷിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളാക്കി മാറ്റേണ്ടത് സമകാലീന ലോകത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണെന്ന് പാപ്പ വ്യക്തമാക്കി.
യുദ്ധം വരുത്തിവെക്കുന്ന വിനാശങ്ങൾ
യുദ്ധം മനുഷ്യജീവനുകൾ അപഹരിക്കുന്നതിന് പുറമെ കുടുംബങ്ങളെ തകർക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഇത് പരിസ്ഥിതിക്ക് ഗുരുതരമായ ആഘാതവുമാണ് ഉണ്ടാക്കുന്നത്. ജലവും വായുവും മലിനമാകുന്നതിലൂടെ ഭക്ഷ്യസുരക്ഷ തകരുകയും ദാരിദ്ര്യവും അസമത്വവും സാമൂഹിക സംഘർഷങ്ങളും വർദ്ധിക്കുകയും ചെയ്യുന്നു.
അക്രമവും അനീതിയും ബാഹ്യമായ പ്രശ്നങ്ങൾ മാത്രമല്ല, മനുഷ്യഹൃദയത്തിലെ ആഴത്തിലുള്ള അസന്തുലിതാവസ്ഥയുടെ ഫലമാണെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.
നശീകരണത്തിനുവേണ്ടിയുള്ള ആയുധങ്ങളല്ല മറിച്ച് സത്യം, സംവാദം, ക്ഷമ, നന്മ, നീതി, കരുണ, പരസ്പര ധാരണ, കരുതൽ, സ്നേഹം എന്നിവയാണ് യഥാർത്ഥ സമാധാനത്തിന്റെ ഉപകരണങ്ങൾ എന്ന് പാപ്പ ഓർമ്മിപ്പിച്ചു.
യുദ്ധത്തിനായി വിനിയോഗിക്കുന്ന ഊർജവും വിഭവങ്ങളും ദരിദ്രരുടെ ക്ഷേമത്തിനും മനുഷ്യവികസനത്തിനും സൃഷ്ടിയുടെ പരിപാലനത്തിനുമായി മാറ്റിവയ്ക്കുന്ന ഒരു ലോകമാണ് നാം ലക്ഷ്യം വെക്കേണ്ടതെന്നും പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു.