കടലിന്റെ നടുവിൽ തിരമാലകളെ അതിജീവിച്ച് 'സ്റ്റെല്ലാ മാരിസ്' പ്രതിമ; വൈറലായി അത്ഭുതക്കാഴ്ച

കടലിന്റെ നടുവിൽ തിരമാലകളെ അതിജീവിച്ച് 'സ്റ്റെല്ലാ മാരിസ്' പ്രതിമ; വൈറലായി അത്ഭുതക്കാഴ്ച

റോം: ശക്തമായ കടൽക്ഷോഭത്തിനിടയിലും തിരമാലകളെ അതിജീവിച്ച് കടലിന്റെ നടുവിൽ നിലകൊള്ളുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ 'സ്റ്റെല്ലാ മാരിസ്' പ്രതിമയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരിക്കുന്നു.

ഇറ്റാലിയൻ തീരത്തിന് സമീപമുള്ള ലിഗോറിയൻ കടലിൽ, പോർട്ടോ വെന്യൂറ തീരത്തുള്ള ടിനറ്റോ ദ്വീപിന് സമീപമാണ് ഈ അത്ഭുത പ്രതിമ സ്ഥിതി ചെയ്യുന്നത്. ലാസ് പെസിയ ഉൾക്കടലിലെ അപകടകരമായ 'ഡെവിൾസ് റോക്ക്' എന്ന പാറക്കെട്ടിനു മുകളിലാണ് വെള്ള മാർബിളിൽ തീർത്ത ആറടി ഉയരമുള്ള ഈ മാതാവിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 'കടലിലെ നക്ഷത്രം' എന്നാണ് ഈ പ്രതിമ അറിയപ്പെടുന്നത്.

2003 ഓഗസ്റ്റ് 17-ന് പോർട്ടോ വെന്യൂറയിലെ മെഡോണ ബിയങ്ക തിരുനാളിന്റെ ഭാഗമായി സന്നദ്ധ പ്രവർത്തകരാണ് ഈ പ്രതിമ ഇവിടെ സ്ഥാപിച്ചത്. തുടർന്ന് 2008-ൽ ഉണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും പിന്നീട് അത് പുനസ്ഥാപിക്കുകയുണ്ടായി.

കടലിൽ യാത്ര ചെയ്യുന്ന മത്സ്യത്തൊഴിലാളികളും നാവികരും തങ്ങളുടെ സംരക്ഷകയായി കാണുന്ന പുരാതന പ്രാർത്ഥനാ നാമമാണ് 'കടലിലെ നക്ഷത്രം'. പ്രദേശത്തെ ചരിത്രപരമായ വിശ്വാസങ്ങളും ആത്മബന്ധവുമാണ് ഈ പ്രതിമയുമായി ബന്ധപ്പെട്ടിരിക്കുന്നത്. കടൽ യാത്രകളിൽ തങ്ങളെ കാത്തുസരക്ഷിക്കാൻ മാതാവുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രദേശവാസികളും നാവികരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.