നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥി മോചിതനായി; ദൈവത്തിന് സ്തോത്രമെന്ന് രൂപത

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥി മോചിതനായി; ദൈവത്തിന് സ്തോത്രമെന്ന് രൂപത

അബുജ: ഒടുക്പോ രൂപതയിലെ മെത്രാസന മന്ദിരത്തിൽ നിന്ന് സായുധ സംഘത്തിന്റെ തടവിലായിരുന്ന സെമിനാരി വിദ്യാർത്ഥി കെൽവിൻ ഒച്ചായ് മോചിതനായി. ജൂലൈ 29 ന് തട്ടിക്കൊണ്ടുപോയ കെൽവിൻ തടവുകാരെ വെട്ടിച്ച് രക്ഷപ്പെട്ട് സുരക്ഷിതനായി വീട്ടിൽ തിരിച്ചെത്തിയതായി രൂപത ചാൻസലർ ഫാ. ജോസഫ് അബോയി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഓഗസ്റ്റ് 16 നാണ് വിദ്യാർത്ഥിയുടെ മോചന വാർത്ത പുറത്തുവന്നത്. തടവിൽ നിന്നും രക്ഷപ്പെട്ടെത്തിയ കെൽവിൻ ഗ്വെർ ഈസ്റ്റ് ലോക്കൽ ഗവൺമെന്റ് ഏരിയയിലെ അലിയാഡെയിൽ എത്തിച്ചേരുകയും, അവിടെയുള്ള സെന്റ് പീറ്റർ ആൻഡ് പോൾ ഇടവകയുടെ സംരക്ഷണയിൽ സുരക്ഷിതമായി വീട്ടിലെത്തുകയുമായിരുന്നു. വിദ്യാർത്ഥിക്ക് രാത്രി അഭയവും ആവശ്യമായ പരിചരണവും നൽകിയ വികാരിയച്ചനും ഇടവകാംഗങ്ങൾക്കും രൂപത നന്ദി അറിയിച്ചു.

കെൽവിന്റെ സുരക്ഷിതമായ തിരിച്ചുവരവിൽ ദൈവത്തിന് നന്ദി അർപ്പിക്കുന്നതോടൊപ്പം നൈജീരിയയിൽ വിവിധ ക്രിമിനൽ സംഘങ്ങളുടെ പിടിയിലായിരിക്കുന്ന മറ്റ് നിരപരാധികൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്ന് ഫാ. ജോസഫ് അബോയി വിശ്വാസികളോട് അഭ്യർത്ഥിച്ചു.

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങൾക്കും തട്ടിക്കൊണ്ടുപോകലുകൾക്കും അറുതി വരുത്താൻ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഉണ്ടാകണമെന്നും അദേഹം ഓർമ്മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.