കൂട്ട വധശിക്ഷ; മ്യാന്‍മറിലെ കുപ്രസിദ്ധ 'മിങ് ഫാമിലി'യിലെ 11 അംഗങ്ങളെ കൊലപ്പെടുത്തി ചൈന

കൂട്ട വധശിക്ഷ; മ്യാന്‍മറിലെ കുപ്രസിദ്ധ 'മിങ് ഫാമിലി'യിലെ 11 അംഗങ്ങളെ കൊലപ്പെടുത്തി ചൈന

ബെയ്ജിങ്: മ്യാന്‍മറില്‍ തട്ടിപ്പ് ശംഖലയ്ക്ക് രൂപം കൊടുത്തും രക്ഷപ്പെടാന്‍ ശ്രമിച്ച തൊഴിലാളികളെ കൊലപ്പെടുത്തിയും കുപ്രസിദ്ധിയാര്‍ജിച്ച മാഫിയ സംഘത്തിലെ 11 പേരെ ചൈന കൂട്ട വധശിക്ഷയ്ക്ക് വിധേയരാക്കി.

വടക്കന്‍ മ്യാന്‍മറിലെ 'നാല് കുടുംബങ്ങള്‍' എന്നറിയപ്പെടുന്ന കുറ്റവാളി സംഘങ്ങളില്‍ ഒന്നായ മിങ് കുടുംബത്തിലെ 11 പേരെയാണ് കൊലപ്പെടുത്തിയതെന്ന് ചൈനീസ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്റര്‍നെറ്റ് തട്ടിപ്പ്, വേശ്യാവൃത്തി, മയക്കുമരുന്ന് ഉല്‍പാദനം എന്നിവയുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേന്ദ്രങ്ങള്‍ ഇവര്‍ നടത്തിയിരുന്നു. മ്യാന്‍മര്‍ ഭരണകൂടവുമായി ചേര്‍ന്നു നിന്ന പ്രാദേശിക സര്‍ക്കാരിലും സൈന്യത്തിലും വരെ ഇവര്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചിരുന്നു.

കൊലപാതകം, നിയമ വിരുദ്ധമായ തടഞ്ഞു വെക്കല്‍, വഞ്ചന തുടങ്ങിയ കാര്യങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 11 പേരെ വധ ശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മിങ് സ്യൂച്ചാങ് തലവനായ ഈ ക്രിമിനല്‍ കുടുംബം മ്യാന്‍മര്‍-ചൈന അതിര്‍ത്തിയിലെ സ്വയം ഭരണാധികാരമുള്ള കൊകാങ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരു കാലത്ത് പതിനായിരത്തിലധികം ആളുകള്‍ ഇവരുടെ ക്രിമിനല്‍ സംഘത്തില്‍ ജോലിക്കാരായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മ്യാന്‍മര്‍ സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത പ്രദേശങ്ങള്‍ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ് വ്യവസായത്തിന്റെ കേന്ദ്രങ്ങളായിരുന്നു. തട്ടിപ്പ് കേന്ദ്രത്തിലെ തൊഴിലാളികളുടെ ബന്ധുക്കളുടെ വര്‍ഷങ്ങളായുള്ള പരാതികളുടെയും അന്താരാഷ്ട്ര മാധ്യമ ശ്രദ്ധയ്ക്കും ശേഷം 2023 മുതല്‍ ചൈന ഈ പ്രദേശങ്ങളില്‍ നടപടി സ്വീകരിച്ചു വരുന്നുണ്ട്.

മിങ് കുടുംബാംഗങ്ങള്‍ക്കെതിരെ കഴിഞ്ഞ നവംബറില്‍ ചൈന അറസ്റ്റ് വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. വഞ്ചന, കൊലപാതകം, മയക്കുമരുന്ന് കടത്തല്‍ എന്നിവയില്‍ കുറ്റം ചുമത്തി. പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 14,000 മുതല്‍ 70,000 ഡോളര്‍ വരെ സമ്മാനത്തുകയും പ്രഖ്യാപിച്ചു.

മ്യാന്‍മര്‍ പാര്‍ലമെന്റ് അംഗമായിരുന്ന കുടുംബനാഥന്‍ മിങ് സ്യൂച്ചാങ്, കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തതായി മുമ്പ് ചൈനീസ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്യൂച്ചാങിന്റെ മകന്‍ മിങ് ഗുവോപിങ്, ചെറുമകള്‍ മിങ് ഷെന്‍ ഷെന്‍ എന്നിവരും ഇപ്പോള്‍ വധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തെക്കുകിഴക്കന്‍ ഏഷ്യയിലെ തട്ടിപ്പ് സംഘങ്ങള്‍ പ്രതിവര്‍ഷം 43 ബില്യണ്‍ ഡോളറിലധികം മോഷ്ടിക്കുന്നുണ്ട്.

മ്യാന്‍മറില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തുടരുന്ന വ്യാപകമായ അഴിമതിയും നിയമ രാഹിത്യ പ്രവര്‍ത്തനങ്ങളുമാണ് ഇത്തരം വമ്പന്‍ തട്ടിപ്പ് കേന്ദ്രങ്ങള്‍ക്ക് സംരക്ഷണമായി മാറുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.