വാഷിങ്ടണ്‍: അമേരിക്കയില്‍ വില്‍ക്കുന്ന എല്ലാ കനേഡിയന്‍ വിമാനങ്ങള്‍ക്കും 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര സംഘര്‍ഷം ഇതോടെ കൂടുതല്‍ ശക്തമാകും.
ജോര്‍ജിയ ആസ്ഥാനമായ ഗള്‍ഫ് സ്ട്രീം എയറോസ്‌പേസിന്റെ വിമാനങ്ങള്‍ക്ക് കാനഡ സര്‍ട്ടിഫിക്കേഷന്‍ നിഷേധിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് താരിഫ് ഭീഷണി. കാനഡയിലെ വിമാന നിര്‍മാതാക്കളായ ബോംബാര്‍ഡിയറിന്റെ ഗ്ലോബല്‍ എക്‌സ്പ്രസ് ബിസിനസ് ജെറ്റുകള്‍ അമേരിക്കയില്‍ നിന്ന് ഡി സര്‍ട്ടിഫൈ ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
വിമാന വ്യവസായ ഡാറ്റ നല്‍കുന്ന സിരിയം എന്ന സ്ഥാപനത്തിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 150 ബോംബാര്‍ഡിയര്‍ ഗ്ലോബല്‍ എക്‌സ്പ്രസ് വിമാനങ്ങള്‍ അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 115 ഓപ്പറേറ്റര്‍മാരാണ് ഇവ ഉപയോഗിക്കുന്നത്. ഗള്‍ഫ് സ്ട്രീമും ബോംബാര്‍ഡിയറും ബിസിനസ് ജെറ്റ് വിപണിയില്‍ നേരിട്ടുള്ള എതിരാളികളാണ്. വ്യാപാര തര്‍ക്കത്തിന്റെ പേരില്‍ വിമാനങ്ങള്‍ ഡീസര്‍ട്ടിഫൈ ചെയ്യുന്നത് അത്യന്തം അസാധാരണമാണ്.
അമേരിക്ക-മെക്‌സിക്കോ-കാനഡ വ്യാപാര കരാര്‍ (USMCA)പുനപരിശോധനയ്ക്ക് വിധേയമാക്കുന്ന സമയമാണ്. അമേരിക്കന്‍ വ്യാപാര നയങ്ങളെ വിമര്‍ശിച്ച കാര്‍ണിയുടെ പരാമര്‍ശങ്ങള്‍ തിരിച്ചടിയാകാമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഇതിനിടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്മാറില്ലെന്ന് കാര്‍ണിയും വ്യക്തമാക്കിയിട്ടുണ്ട്.