കൊച്ചി: കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി ചര്‍ച്ച നടന്നുവെന്ന വാര്‍ത്ത നിക്ഷേധിച്ച് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ്.
സീറ്റുകള്‍ വച്ചുമാറുന്നതോ, വിട്ടുനല്‍കുന്നതോ സംബന്ധിച്ച് ആലോചനകളില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയ സാധ്യതയ്ക്കായിരിക്കും മുന്‍ഗണനയെന്നും അദേഹം പറഞ്ഞു.
സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരമൊരു ചര്‍ച്ചയ്ക്ക് നിലവില്‍ സാഹചര്യമില്ലെന്നും അദേഹം വ്യക്തമാക്കി. ഇടുക്കി, ഏറ്റുമാനൂര്‍, ചങ്ങനാശേരി, കുട്ടനാട് സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു പി.ജെ ജോസഫ്.
ഇതിന് പുറമേ കോതമംഗലം സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് 'സേവ് കോണ്‍ഗ്രസ്' എന്ന പേരില്‍ കോതമംഗലത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗവും ഈ സീറ്റില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.