ജനീവ : ലോകമെമ്പാടും ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം റിപ്പോർട്ട്. 2024 ജൂലൈ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരം അഞ്ച് ഭൂഖണ്ഡങ്ങളിലായി ക്രൈസ്തവർ കടുത്ത പീഡനങ്ങളാണ് നേരിടുന്നത്.
മൊസാംബിക്കിൽ ശരീഅത്ത് നിയമം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. 2025 സെപ്റ്റംബറിൽ മാത്രം മുപ്പതോളം പേരെയാണ് ഇവിടെ കൊലപ്പെടുത്തിയത്.
മ്യാന്മറിൽ സൈനിക ഭരണകൂടം ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ചിൻ സ്റ്റേറ്റിലെ ക്രൈസ്തവരുടെ മതപരവും സാംസ്കാരികവുമായ വ്യക്തിത്വം ഇല്ലാതാക്കാൻ ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നത്.
റഷ്യ-ഉക്രെയ്ൻ യുദ്ധം ക്രൈസ്തവ വിശ്വാസികളെയും പ്രതികൂലമായി ബാധിച്ചു. റഷ്യയിൽ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരും ഉക്രെയ്നിൽ മോസ്കോയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഓർത്തഡോക്സ് സഭയും അധികൃതരുടെ വേട്ടയാടലിന് ഇരയാകുന്നു.
വടക്കേ അമേരിക്കയിൽ ആരാധനാലയങ്ങൾക്ക് നേരെയുള്ള വെടിവയ്പ്പുകളും തീവയ്പ്പും വർധിച്ചുവരികയാണ്. ദക്ഷിണ അമേരിക്കയിൽ ക്രിമിനൽ സംഘങ്ങളും സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുമാണ് ഭീഷണി. നിക്കരാഗ്വയിൽ സർക്കാരിനെ വിമർശിക്കുന്ന വിശ്വാസികൾ കടുത്ത നടപടികൾ നേരിടുന്നു.
വിശ്വാസത്തിന്റെ പേരിൽ ദശലക്ഷക്കണക്കിന് ആളുകൾ പീഡിപ്പിക്കപ്പെടുമ്പോൾ ഭയം മൂലം പുറത്തുവരാത്ത കേസുകൾ ഇതിലും എത്രയോ അധികമാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.