ഹോബാർട്ട് : ടാസ്മാനിയയിൽ നിന്ന് 2023 ജൂണിൽ കാണാതായ ബെൽജിയൻ വിനോദസഞ്ചാരി സെലിൻ ക്രെമറിന്റേതെന്ന് (31) സംശയിക്കുന്ന കൂടുതൽ ശരീരഭാഗങ്ങളും വസ്ത്രങ്ങളും പോലീസ് കണ്ടെത്തി. പടിഞ്ഞാറൻ ടാസ്മാനിയയിലെ വാരാത്ത വനമേഖലയിൽ നടത്തിയ തിരച്ചിലിലാണ് നിർണായകമായ കണ്ടെത്തലുകൾ.
ഹൈക്കിംഗിനിടെ കാണാതായ സമയത്ത് സെലിൻ ധരിച്ചിരുന്നതിന് സമാനമായ വസ്ത്രങ്ങളും (പോളാർ ഫ്ലീസ് ജാക്കറ്റ്, തെർമൽ ടോപ്പുകൾ), അസ്ഥികളുമാണ് കണ്ടെത്തിയത്. ആർതർ നദിക്ക് സമീപം, നേരത്തെ ചില അസ്ഥികൾ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 2.5 കിലോമീറ്റർ അകലെയായാണ് പുതിയ അവശിഷ്ടങ്ങൾ ലഭിച്ചത്.
കണ്ടെത്തിയ വസ്ത്രങ്ങളുടെയും അവശിഷ്ടങ്ങളുടെയും സ്വഭാവം വെച്ച് അത് സെലിൻ ക്രെമറിന്റേതാണെന്ന് വിശ്വസിക്കുന്നതായി കമാൻഡർ നഥാൻ ജോൺസ്റ്റൺ പറഞ്ഞു. എന്നിരുന്നാലും, ഔദ്യോഗിക സ്ഥിരീകരണത്തിനായി ഫോറൻസിക് പരിശോധനാ ഫലം കാത്തിരിക്കുകയാണ്. പ്രസ്തുത മേഖലയിൽ ശാസ്ത്രീയമായ തിരച്ചിൽ തുടരുമെന്നും അദേഹം അറിയിച്ചു.
2023 ജൂൺ 17 നാണ് സെലിൻ ക്രെമറെ അവസാനമായി കണ്ടത്. ഫിലോസഫർ വെള്ളച്ചാട്ടത്തിന് സമീപം ഹൈക്കിംഗിന് പോയതായിരുന്നു ഇവർ. കാർ പാർക്കിംഗിൽ ഇവരുടെ വാഹനം കണ്ടെത്തിയിരുന്നു. തിരികെ കാറിലേക്ക് വരാൻ ശ്രമിക്കുന്നതിനിടെ കൊടും കാട്ടിൽ വഴിതെറ്റിപ്പോയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഡിസംബറിൽ സന്നദ്ധപ്രവർത്തകർ ഇവരുടെ മൊബൈൽ ഫോൺ കണ്ടെത്തിയത് തിരച്ചിലിൽ നിർണായകമായിരുന്നു.