വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയെ പെറു സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ച് വത്തിക്കാനിലെ പെറു അംബാസഡർ. വത്തിക്കാൻ നടന്ന ചടങ്ങിലാണ് പെറു അംബാസഡർ ജോർജ് പോൺസ് സാൻ റൊമാൻ മാർപാപ്പയെ പരസ്യമായി ക്ഷണിച്ചത്. 2026 ൽ മാർപാപ്പയുടെ വിദേശ പര്യടനങ്ങളിൽ തെക്കേ അമേരിക്കയ്ക്ക് പ്രാധാന്യം നൽകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ ക്ഷണം.
ശനിയാഴ്ച വത്തിക്കാൻ ഗാർഡനിൽ നടന്ന പെറു സ്പോൺസർ ചെയ്ത കന്യാമറിയത്തിന്റെ മൊസൈക്കും വിശുദ്ധ റോസ് ഓഫ് ലിമയുടെ പ്രതിമയും അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലായിരുന്നു ക്ഷണം. "പെറു താങ്കളെ കാത്തിരിക്കുന്നു" എന്ന അംബാസഡറുടെ വാക്കുകളോട് മാർപാപ്പ വൈകാരികമായാണ് പ്രതികരിച്ചത്. പെറു തനിക്ക് ഏറെ പ്രിയപ്പെട്ട രാജ്യമാണെന്ന് പാപ്പ അനുസ്മരിച്ചു.
തുടർന്ന് പതിവ് പ്രോട്ടോക്കോളുകൾ മാറ്റിവെച്ച് പെറു എംബസി ഒരുക്കിയ ഉച്ചവിരുന്നിലും പങ്കെടുത്തു. ഇത് പെറുവിനോടുള്ള പാപ്പായുടെ പ്രത്യേക താൽപര്യം വ്യക്തമാക്കുന്നതാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ലിയോ പതിനാലാമൻ മാർപാപ്പ രണ്ട് പതിറ്റാണ്ടോളം മിഷനറി പ്രവർത്തനങ്ങൾക്കായി പെറുവിൽ ചെലവഴിച്ചിട്ടുള്ള വ്യക്തിയാണ്. അദേഹത്തിന് പെറു പൗരത്വവുമുണ്ട്.
2026 ലോ 2027 ലോ തെക്കേ അമേരിക്കൻ രാജ്യങ്ങളായ അർജന്റീന, ഉറുഗ്വേ, പെറു എന്നിവ സന്ദർശിക്കാൻ മാർപാപ്പ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ആഫ്രിക്കൻ പര്യടനത്തിന് ശേഷമായിരിക്കും ഈ യാത്രകൾ ക്രമീകരിക്കുക. നേരത്തെ പെറുവിലെ മെത്രാന്മാരും മാർപാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു.