അമേരിക്കയുമായി സമവായത്തിന് തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി; ആണവ പദ്ധതിയിലടക്കം ചര്‍ച്ച

അമേരിക്കയുമായി സമവായത്തിന് തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി; ആണവ പദ്ധതിയിലടക്കം ചര്‍ച്ച

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധ സമാനമായ സാഹചര്യം നിലനില്‍ക്കേ അമേരിക്കയുമായി സമവായത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി.

ഇറാന്‍ വിഷയത്തില്‍ ട്രംപ് ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദേഹം സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യുദ്ധമല്ല, തെറ്റായ കണക്കുകൂട്ടലാണ് പ്രശ്‌നമെന്നും അരാഗ്ചി വ്യക്തമാക്കി.

ആണവ വിഷയത്തിലടക്കം ഇറാനുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ചാണ് അബ്ബാസ് അരാഗ്ചി സമാവായ സാധ്യതകള്‍ വിവരിച്ചത്.

അമേരിക്കയുമായുള്ള പ്രശ്‌നങ്ങളില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്ന വിവരവും ഇറാന്‍ വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചു. ഇറാന്‍ ആണവ പദ്ധതിയില്‍ ധാരണയിലെത്താനുള്ള സാധ്യതകളും അബ്ബാസ് അരാഗ്ചി അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി ഇന്നും അമേരിക്കയ്ക്ക് എതിരെ മുന്നറിയിപ്പ് ആവര്‍ത്തിച്ചിരിക്കെയാണ് വിദേശകാര്യ മന്ത്രി സമവായ സ്വരം നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഇറാന്‍ ഭരണകൂടവുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുകയാണെന്ന വെളിപ്പെടുത്തലുമായി ആദ്യം രംഗത്തെത്തിയത് ഡൊണാള്‍ഡ് ട്രംപായിരുന്നു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ചര്‍ച്ചകളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധസാധ്യത തള്ളിക്കളയാതെ തന്നെ നയതന്ത്ര നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ട്രംപ് സൂചിപ്പിച്ചത്. ഇറാന്‍ നമ്മളോട് സംസാരിക്കുന്നുണ്ട്. എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് നമുക്ക് നോക്കാം. ഇല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം എന്നും ട്രംപ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.