സ്‌കൂളില്‍ ഇനി ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങള്‍; വന്‍ പ്രഖ്യാപനങ്ങളുമായി മന്ത്രി വി. ശിവന്‍കുട്ടി

സ്‌കൂളില്‍ ഇനി ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങള്‍; വന്‍ പ്രഖ്യാപനങ്ങളുമായി മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സുപ്രധാന ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം.

ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്ന നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും പുതിയ ഫയലുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കാനും യോഗം നിര്‍ദേശിച്ചു. ഫയല്‍ തീര്‍പ്പാക്കല്‍ നടപടികള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും അഡീഷണല്‍ ഡയറക്ടറും നേരിട്ട് നേതൃത്വം നല്‍കിക്കൊണ്ട് തുടര്‍ പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറണം.

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയ ഭരണഘടനാ ആമുഖം സ്‌കൂളുകളിലെ സ്‌പെഷ്യല്‍ അസംബ്ലികളില്‍ വായിക്കണം. സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി നിലവില്‍ സൗകര്യമുള്ള സ്‌കൂളുകളിലും ഇനി പണികഴിപ്പിക്കാന്‍ പോകുന്ന കെട്ടിടങ്ങളിലും ബാക്‌ബെഞ്ചര്‍ സംവിധാനം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പുതിയ കെട്ടിടങ്ങളുടെ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ എല്ലാ ക്ലാസ് മുറികളിലും ഫാനും പ്രധാന മുറികളില്‍ എസിയും നിര്‍ബന്ധമായും ഉള്‍പ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടും.

മൂന്ന് നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളില്‍ ലിഫ്റ്റ് സൗകര്യവും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി റാമ്പും പ്ലാനില്‍ ഉള്‍പ്പെടുത്തും. സ്‌കൂള്‍ വിനോദയാത്രകളില്‍ സാമ്പത്തിക പ്രയാസം മൂലം ഒരു കുട്ടിയും വിട്ടുപോകുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി നിര്‍ദേശിച്ചു.

കുട്ടികള്‍ക്ക് കൂടുതല്‍ സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനായി ആഘോഷ വേളകളിലും സ്വന്തം ജന്മദിനങ്ങളിലും യൂണിഫോം ഒഴിവാക്കി ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അനുമതി നല്‍കും. അധ്യാപകര്‍ കുട്ടികളില്‍ നിന്ന് സമ്മാനങ്ങള്‍ വാങ്ങുന്ന രീതി പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള സബ്ജക്ട് മിനിമം പദ്ധതി ഫലപ്രദമായി തുടരുന്നതോടൊപ്പം, പിടിഎ, എസ്എംസി, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ കുട്ടികള്‍ക്ക് റിഫ്രഷ്‌മെന്റ് അടക്കമുള്ള പഠന പിന്തുണാ പരിപാടികള്‍ ഒരുക്കുന്ന കാര്യം പരിഗണിക്കും.

നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ വിജിലന്‍സ് സംവിധാനം വിപുലീകരിക്കും. ഡിഡി, ഡിഇഒ, എഇഒമാര്‍ ഓഫീസിലെ പ്രവൃത്തികള്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം സ്‌കൂള്‍ സന്ദര്‍ശനങ്ങളും പരിശോധനകളും നടത്തി റിപ്പോര്‍ട്ടുകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നേരിട്ട് കൈമാറണം.

സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കാന്‍ വിമുഖത കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.