കണ്ണൂര്‍: ബേപ്പൂര്‍ മണ്ഡലത്തില്‍ പി.വി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബേപ്പൂരില്‍ അന്‍വറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ മാത്രമേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
അന്‍വര്‍ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അര്‍ത്ഥത്തിലാണ് കെപിസിസി പ്രസിഡന്റ് പ്രതികരിച്ചതെന്നും അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വര്‍ഗീയതയുമായി താന്‍ ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്കില്ലെന്നും അദേഹം ആവര്‍ത്തിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസും തനിക്കെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ തന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണമാണെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂ.
തന്നോടുള്ളത് വ്യക്തിപരമായ വിരോധമാണെങ്കില്‍ കോണ്‍ഗ്രസിനോടോ യുഡിഎഫിനോടോ അവര്‍ക്ക് വിരോധമില്ലല്ലോ എന്നും അദേഹം ചോദിച്ചു. വര്‍ഗീയത ആര് പറഞ്ഞാലും അതിനെ എതിര്‍ക്കുമെന്നും മതേതര മനസുള്ളവര്‍ തന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.