യുക്രെയിന് കൈത്താങ്ങായി ലിയോ പാപ്പ; അതിശൈത്യത്തെ നേരിടാൻ ജനറേറ്ററുകളും മരുന്നുകളും അയച്ചു

യുക്രെയിന് കൈത്താങ്ങായി ലിയോ പാപ്പ; അതിശൈത്യത്തെ നേരിടാൻ ജനറേറ്ററുകളും മരുന്നുകളും അയച്ചു

വത്തിക്കാൻ സിറ്റി: യുദ്ധക്കെടുതിക്കൊപ്പം അതിശൈത്യവും നേരിടുന്ന യുക്രെയ്നിലെ ജനങ്ങൾക്ക് ആശ്വാസവുമായി ലിയോ പതിനാലാമൻ മാർപാപ്പ. അതിശൈത്യത്തെ പ്രതിരോധിക്കാനായി 80 വൈദ്യുതി ജനറേറ്ററുകൾ, അത്യാവശ്യ മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ അടങ്ങിയ സഹായശേഖരം മാർപാപ്പ യുക്രെയ്നിലേക്ക് അയച്ചു. റോമിലെ സെന്റ് സോഫിയ ബസിലിക്കയിൽ നിന്നാണ് സഹായവുമായി വാഹനങ്ങൾ യുക്രെയിനിലേക്ക് പുറപ്പെട്ടത്.

യുക്രെയ്നിൽ നിലവിൽ അതിശൈത്യം രൂക്ഷമാണ്. രാത്രികാല താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നു. പകൽ സമയത്ത് മൈനസ് 10-നും 12-നും ഇടയിലാണ് താപനില. തണുപ്പ് സഹിക്കവയ്യാതെ നിരവധി ആളുകൾ വീടുകൾ ഉപേക്ഷിച്ചു പോകാൻ നിർബന്ധിതരായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തണുപ്പിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന യുക്രെയ്നിലെ ബിഷപ്പുമാരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് മാർപാപ്പയുടെ അടിയന്തര ഇടപെടൽ.

വത്തിക്കാന്റെ 'ഡിക്കാസ്റ്ററി ഫോർ ദി സർവീസ് ഓഫ് ചാരിറ്റി' വഴിയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വൈദ്യുതി ബന്ധം തകരാറിലായ മേഖലകളിൽ വെളിച്ചവും ചൂടും ഉറപ്പാക്കാൻ 80 ജനറേറ്ററുകൾ മൂന്ന് വലിയ ലോറികളിലായി അയച്ചു. ആന്റിബയോട്ടിക്കുകൾ, ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകൾ, സപ്ലിമെന്റുകൾ, മെലറ്റോണിൻ എന്നിവയുൾപ്പെടെ ആയിരക്കണക്കിന് മരുന്നുകളും സഹായശേഖരത്തിലുണ്ട്. ദുരിതബാധിതർക്കായി വൻതോതിൽ ഭക്ഷ്യവസ്തുക്കളും വത്തിക്കാൻ ലഭ്യമാക്കി.

പോൾ ആറാമൻ ഹാളിൽ നടത്തിയ പ്രസംഗത്തിൽ യുക്രെയ്ന് പിന്തുണ പ്രഖ്യാപിച്ച വിവിധ രൂപതകൾക്കും പ്രത്യേകിച്ച് പോളണ്ടിലെ വിശ്വാസികൾക്കും മാർപാപ്പ നന്ദി രേഖപ്പെടുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നുവന്ന ഐക്യദാർഢ്യ സംരംഭങ്ങൾ യുക്രൈനിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും പാപ്പ കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.