തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം.
കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. നിരത്തില്‍ വാഹനങ്ങള്‍ നന്നേ കുറവാണ്. പലയിടത്തും സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. യാത്രാ സൗകര്യം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വലഞ്ഞു.
ഇന്നലെ അര്‍ധരാത്രി 12 ന് ആരംഭിച്ച പണിമുടക്ക് ഇന്നു രാത്രി 12 മണി വരെ തുടരും. രാജ്യത്തെ പത്ത് ട്രേഡ് യൂണിയനുകളില്‍പ്പെട്ട തൊഴിലാളികളാണ് പണിമുടക്കുന്നത്.
ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കുന്നത്.
സംസ്ഥാനത്ത് മിക്ക ജില്ലകളിലും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. സ്വകാര്യ ബസുകളും രാവിലെ സര്‍വീസുകള്‍ നടത്തേണ്ടിയിരുന്ന കെഎസ്ആര്‍ടിസി ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. ഓട്ടോ, ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
റെയില്‍വേ സ്റ്റേഷനിലടക്കം എത്തിയവര്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളത്. പൊലീസും സന്നദ്ധ സംഘടനകളും പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ജോലിക്കെത്തിയ കെഎസ്ആര്‍ടിസി ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു. സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് സാധാരണ നിലയില്‍ തുടരുന്നുണ്ട്.
കൊച്ചിയില്‍ പണിമുടക്ക് ആരംഭിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ നിശ്ചലമായി. മെട്രോ, യൂബര്‍, ഒരു വിഭാഗം പ്രൈവറ്റ് ടാക്‌സികള്‍ ഓട്ടോ എന്നിവ സര്‍വീസ് നടത്തുന്നുണ്ട്. പോര്‍ട്ട് ട്രസ്റ്റ്, ഷിപ്പ് യാര്‍ഡ് എന്നിവിടങ്ങള്‍ നിശ്ചലമാണ്.
വയനാട്ടില്‍ ചരക്കുമായെത്തിയ ലോറി പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതോടെ ലോറി ഡ്രൈവറും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സംഘടനാ നേതാക്കളെത്തി പ്രശ്‌നം പരിഹരിച്ചു.