'രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കണം': സഭയില്‍ പ്രമേയം അവതരിപ്പിച്ച് ബിജെപി; പ്രതിഷേധവുമായി പ്രതിപക്ഷം

'രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കണം': സഭയില്‍ പ്രമേയം അവതരിപ്പിച്ച് ബിജെപി; പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: ഭരണപക്ഷത്തിനെതിരെ നിരന്തരം ആക്രമണം തുടരുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ലോക്‌സഭയില്‍ നിന്ന് ഒഴിവാക്കാന്‍ ബിജെപി ശ്രമം. രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ സഭയില്‍ പ്രമേയം അവതരിപ്പിച്ചു.

രാഹുല്‍ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അടിസ്ഥാന രഹിതമായ പ്രസ്താവനകള്‍ നടത്തിയെന്നും ആരോപിച്ച് അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞതിന് പിന്നാലെയാണ് പുതിയ നീക്കം.

രാഹുല്‍ ഗാന്ധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും അതിനാല്‍ രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും വിലക്കണമെന്നുമാണ് പ്രമേയത്തിലെ പ്രധാന ആവശ്യം.

ഫെബ്രുവരി രണ്ടിന് മുന്‍ സൈനിക മേധാവി ജനറല്‍ എം.എം നരവനെയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ പ്രതിപാദിക്കുന്ന 2020 ലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ രാഹുല്‍ സഭയില്‍ ഉദ്ധരിക്കാന്‍ ശ്രമിച്ചതു മുതല്‍ പാര്‍ലമെന്റില്‍ വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാഹുലിനെതിരായ നീക്കങ്ങള്‍.

ബജറ്റ് ചര്‍ച്ചയ്ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ രാജ്യത്തെ മൊത്തമായി അടിയറവ് വെക്കുന്നതാണെന്നും മോഡി രാജ്യത്തെ വിറ്റുതുലച്ചെന്നും അദേഹം ആരോപിച്ചിരുന്നു.

വ്യാപാര കരാറിലെ ജനവിരുദ്ധ വ്യവസ്ഥകള്‍ക്കെതിരെയും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെ മകര്‍ ദ്വാറിന് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്.

ജനുവരി 28 ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തില്‍ ആകെ 30 ദിവസം സഭ സമ്മേളിക്കാനാണ് തീരുമാനിച്ചിരുന്നത്. ഫെബ്രുവരി 13 ന് സഭ താല്‍ക്കാലികമായി പിരിയുകയും വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്റുകള്‍ പരിശോധിക്കുന്നതിനായി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്ക് സമയം നല്‍കിയ ശേഷം മാര്‍ച്ച് ഒമ്പതിന് വീണ്ടും ചേരുകയും ചെയ്യും. ഏപ്രില്‍ രണ്ടിന് സമ്മേളനം അവസാനിക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.