വാഷിങ്ടൺ: ഇറാനുമായുള്ള ആണവ ചർച്ചകൾ പ്രതിസന്ധിയിലായതോടെ പശ്ചിമേഷ്യയിൽ സൈനിക വിന്യാസം ശക്തമാക്കി അമേരിക്ക. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ. ഫോഡിനെ പശ്ചിമേഷ്യൻ മേഖലയിലേക്ക് വിന്യസിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ആവശ്യമെങ്കിൽ ആഴ്ചകൾ നീളുന്ന സൈനിക നടപടിക്ക് സജ്ജമാകാൻ സൈന്യത്തിന് ട്രംപ് നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.
നിലവിൽ പശ്ചിമേഷ്യയിലുള്ള 'യു.എസ്.എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന് കരുത്തുപകരാനാണ് ജെറാൾഡ് ആർ. ഫോഡ് എത്തുന്നത്. വ്യാഴാഴ്ചയാണ് ഈ പടക്കപ്പൽ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തിരിച്ചത്. ഒമാന്റെ മധ്യസ്ഥതയിൽ ഇറാനുമായി ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ രണ്ടാമതൊരു പടക്കപ്പൽ കൂടി വിന്യസിക്കുന്നത് ഇറാനുമേൽ സമ്മർദം വർധിപ്പിക്കാനാണെന്നാണ് വിലയിരുത്തൽ.
"ഇറാനുമായി ഒരു ധാരണയിലെത്താൻ സാധിച്ചില്ലെങ്കിൽ പടക്കപ്പലിന്റെ സാന്നിധ്യം അനിവാര്യമായി വരും. കരാറിൽ എത്തിയാൽ കപ്പലുകൾ പിൻവലിക്കാവുന്നതേയുള്ളൂ," ട്രംപ് പറഞ്ഞു. ആഴ്ചകൾ നീളുന്ന ആക്രമണത്തിന് സൈന്യം സജ്ജമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാനിലെ നിലവിലെ ഭരണകൂടത്തെ പുറത്താക്കുക എന്ന താൽപര്യവും ട്രംപ് പരോക്ഷമായി പ്രകടിപ്പിച്ചു. നോർത്ത് കരോലിനയിലെ സൈനിക താവളം സന്ദർശിക്കവെ ടെഹ്‌റാനിൽ നേതൃമാറ്റം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം അതായിരിക്കും എന്നായിരുന്നു ട്രംപിന്റെ മറുപടി. കഴിഞ്ഞ 47 വർഷമായി ഇറാനുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനിടയിൽ ഒരുപാട് ജീവനുകൾ നഷ്ടപ്പെട്ടുവെന്നും അദേഹം കുറ്റപ്പെടുത്തി.