ഇസ്രയേൽ പ്രസിഡന്റിനെ പിന്തുടർന്ന് അധിക്ഷേപം; ഓസ്‌ട്രേലിയയിൽ 45കാരൻ പിടിയിൽ; കർശന ഉപാധികളോടെ ജാമ്യം

ഇസ്രയേൽ പ്രസിഡന്റിനെ പിന്തുടർന്ന് അധിക്ഷേപം; ഓസ്‌ട്രേലിയയിൽ 45കാരൻ പിടിയിൽ; കർശന ഉപാധികളോടെ ജാമ്യം

സിഡ്‌നി: ഔദ്യോഗിക സന്ദർശനത്തിനായി ഓസ്‌ട്രേലിയയിലെത്തിയ ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെഴ്‌സോഗിന് നേരെ അതിക്രമം കാട്ടിയ 45-കാരൻ പിടിയിലായി. പ്രസിഡന്റിനെ പിന്തുടർന്ന് ശല്യം ചെയ്യുകയും സുരക്ഷാ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ചെയ്ത ഇയാളെ ന്യൂ സൗത്ത് വെയിൽസ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. പ്രസിഡന്റ് ഹെഴ്‌സോഗിനെ നിരന്തരം പിന്തുടരുകയും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിക്കൊണ്ട് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയുമായിരുന്നു ഇയാൾ. എന്നാൽ ഇവിടെക്കൊണ്ടും അവസാനിച്ചില്ല ഇയാളുടെ പരാക്രമങ്ങൾ. തൊട്ടടുത്ത ദിവസം ബോണ്ടി ജങ്ഷനിലെ ചൈൽഡ് എഡ്യൂക്കേഷൻ സെന്ററിന് സമീപം വീണ്ടും എത്തിയ ഇയാൾ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരോടും മോശമായി പെരുമാറി.

പൊതുസ്ഥലത്ത് മോശമായി പെരുമാറൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തൽ, സുരക്ഷാ ഉദ്യോഗസ്ഥരെ ജോലി തടMപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് കർശനമായ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രസിഡന്റിന്റെ സുരക്ഷയെയും നയതന്ത്ര മര്യാദകളെയും ബാധിക്കുന്ന തരത്തിലുള്ള പെരുമാറ്റം കോടതി ഗൗരവത്തോടെയാണ് കണ്ടത്. കേസ് അടുത്ത മാസം നാലിന് വേവെർലി ലോക്കൽ കോർട്ട് വീണ്ടും പരിഗണിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.