മലമ്പുഴയില്‍ എ. സുരേഷ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയേക്കും; എതിരാളിയായി വി.എ അരുണ്‍ കുമാറിനെ ഇറക്കാന്‍ സിപിഎം ആലോചന

മലമ്പുഴയില്‍ എ. സുരേഷ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയേക്കും; എതിരാളിയായി വി.എ അരുണ്‍ കുമാറിനെ ഇറക്കാന്‍ സിപിഎം ആലോചന

പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ. സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇടത് സ്ഥാനാര്‍ത്ഥിയായി വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിനെ തന്നെ മത്സരിപ്പിക്കാന്‍ സിപിഎമ്മില്‍ ആലോചന.

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാമെന്ന നിലപാടിലാണ് അരുണ്‍ കുമാര്‍. പുതിയ നീക്കത്തോട് സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനും എതിര്‍പ്പില്ലെന്നാണ് സൂചന. അരുണ്‍ മത്സരിച്ചാല്‍ തിരഞ്ഞെടുപ്പില്‍ 'വി എസ് ഫാക്ടര്‍' നിലനിര്‍ത്താമെന്നാണ് സിപിഐഎം കണക്കുകൂട്ടല്‍.

തിരഞ്ഞെടുപ്പില്‍ അരുണ്‍ കുമാറിനെ നേരിടുന്നത് സംബന്ധിച്ചുള്ള ചോദ്യത്തോട് പുനര്‍വിചിന്തനം ആവശ്യമായ ചോദ്യമാണെന്നായിരുന്നു സുരേഷ് പ്രതികരിച്ചത്.

ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോള്‍ സുരേഷ് പങ്കെടുക്കും. വി.ഡി സതീശന്‍ നേരിട്ടാണ് സുരേഷിനെ യാത്രയിലേക്ക് ക്ഷണിച്ചത്. മലമ്പുഴയില്‍ മത്സരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് നേരത്തെ സുരേഷുമായി സംസാരിച്ചിരുന്നു.

ഇടതുപക്ഷ മനസ് കാത്തു സൂക്ഷിക്കുന്നയാളാണ് താനെന്നും ഇതുവരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം താനല്ല തീരുമാനിക്കേണ്ടത്.

സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ ഒരു പാര്‍ട്ടിയെയും പ്രതിനിധികരിച്ച് മത്സരിക്കില്ല. എം.വി ഗോവിന്ദന് മറുപടി പറയാന്‍ തക്ക ആളല്ല താനെന്നും സുരേഷ് പറഞ്ഞു. സുരേഷ് മത്സരിക്കുകയാണെങ്കില്‍ ഒറ്റ പാര്‍ട്ടിവോട്ട് പോലും കിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പുതുയുഗ യാത്രയില്‍ പങ്കെടുക്കും. സ്വതന്ത്ര നിലപാട് കാത്തു സൂക്ഷിക്കുന്നയാളാണ് താന്‍. പാര്‍ട്ടിക്ക് മൂല്യശോഷണം സംഭവിച്ചെന്നും തിരുത്തല്‍ പ്രക്രിയ നടത്തണമെന്നും പാര്‍ട്ടി സമ്മേളനത്തില്‍ തന്നെ ഉയര്‍ന്ന കാര്യമാണ്.

ഇത്രയും വലിയ അപമാനം നേരിടാന്‍ തക്ക തെറ്റ് താന്‍ ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് പുറത്തുനിര്‍ത്തിയതെന്ന് ഉത്തരം കിട്ടാത്ത ചോദ്യമാണെന്നും എന്നാല്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്നും സുരേഷ് വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.