ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡിന് പിഴവുകള്‍ സംഭവിച്ചുവെന്ന് പ്രസിഡന്റ്

ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡിന് പിഴവുകള്‍ സംഭവിച്ചുവെന്ന് പ്രസിഡന്റ്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദമായ പഠനത്തിന് വിധേയമായതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍.

നേരത്തെ ലഭിച്ചുവെങ്കിലും ഹൈക്കോടതി നല്‍കിയ സമയപരിധി പാലിക്കാനാണ് ഓഡിറ്റ് റിപ്പോര്‍ട്ട് മാത്രം സമര്‍പ്പിച്ചത്. എന്നാല്‍ സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഫെബ്രുവരി 27നാണ് കോടതി ഇനി വിഷയം പരിഗണിക്കുന്നതെന്നും കെ ജയകുമാര്‍ വ്യക്തമാക്കി.

'കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമല്ല. അതില്‍ തിരുത്തലുകള്‍ വരുത്താനുണ്ട്. ഓഡിറ്ററുടെ ശ്രദ്ധയില്‍പ്പെടുന്ന പോരായ്മകള്‍ ബോര്‍ഡിനെ അറിയിക്കും. അതിന് ക്ലൈന്റ് മറുപടി കൊടുക്കും. ചില മറുപടികള്‍ ഓഡിറ്റര്‍ പരിഗണിക്കും.

അല്ലാത്തവ മേജര്‍ ഒബ്ജക്ഷനായി കിടക്കും. എന്നാല്‍ ഇത്തരത്തിലൊരു പ്രക്രിയ നടന്നില്ല. അത് ഓഡിറ്ററുടെയല്ല, മറിച്ച് ദ്വസ്വം ബോര്‍ഡിന്റെ തന്നെ കുഴപ്പമാണ്. ഓഡിറ്ററുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയോ കൃത്യമായ ആശയ വിനിമയം നടത്തുകയോ ചെയ്തില്ല.

ബില്ലുകളും തുകയും മറ്റും പരിശോധിക്കേണ്ടതുണ്ട്. സ്റ്റോക്ക് രജിസ്റ്ററിലേയ്ക്ക് സ്വത്തു വകകള്‍ എഴുതി വിശകലനം നടത്തേണ്ടതുണ്ട്. എന്നാല്‍ ഇത്തരം നടപടികള്‍ നടക്കുകയോ നടന്നിട്ടുണ്ടെങ്കില്‍ ഓഡിറ്റര്‍ അറിയുകയോ ചെയ്തിട്ടില്ല. സമയോചിതമായി മറുപടി നല്‍കാത്തത ുമൂലം ബോര്‍ഡിന്റൈ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതാണ് റിപ്പോര്‍ട്ടിലെ പിശകുകള്‍ക്ക് കാരണം.

തിരുത്തലുകള്‍ അടിയന്തരമായി നടത്തണമെന്ന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ തിരുത്തലുകള്‍ നടത്താന്‍ ദേവസ്വം കമ്മിഷണര്‍, അക്കൗണ്ട്സ് ഓഫീസര്‍, ചീഫ് എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. റിപ്പോര്‍ട്ടില്‍ വിശദമായ പഠനം നടത്തുമെന്നും കെ. ജയകുമാര്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.