കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടന്‍ ജയറാമിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കൊച്ചി സോണല്‍ ഓഫീസില്‍ മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്.
തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ പറഞ്ഞിട്ടില്ലെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡിയോട് പറഞ്ഞിട്ടുണ്ട്. കഠിനമായ ചോദ്യം ചെയ്യല്‍ ഒന്നുമില്ലായിരുന്നു. സൗഹാര്‍ദ്ദപരമായാണ് ഇഡി ഉദ്യോഗസ്ഥര്‍ പെരുമാറിയത്. രേഖകള്‍ ഹാജരാക്കനൊന്നും നിര്‍ദേശിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു.
നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തു വരണമെന്നും കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും സത്യം പുറത്തു കൊണ്ടുവരേണ്ടത് തന്റെ കൂടി കടമയാണെന്നും ജയറാം വ്യക്തമാക്കി.