ഭിന്നശേഷി സംവരണം: സുപ്രീം കോടതി ഉത്തരവ് മുഴുവന്‍ മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാനൊരുങ്ങി സര്‍ക്കാര്‍

ഭിന്നശേഷി സംവരണം: സുപ്രീം കോടതി ഉത്തരവ് മുഴുവന്‍ മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാനൊരുങ്ങി സര്‍ക്കാര്‍

അന്തിമ തീരുമാനം സുപ്രീം കോടതി വിധി പ്രകാരമെന്ന് ഉപാധി.

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍.എസ്.എസിന് അനുകൂലമായ ലഭിച്ച സുപ്രീം കോടതി ഉത്തരവ് മുഴുവന്‍ എയ്ഡഡ് മാനേജ്‌മെന്റിനും ബാധകമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

ഇതുസംബന്ധിച്ച അനുകൂല നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഉടന്‍ ഉത്തരവിറക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്തിമ തീരുമാനം സുപ്രീം കോടതി വിധി പ്രകാരമെന്ന ഉപാധിവച്ചായിരിക്കും ഉത്തരവ് ഇറക്കുക.

ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നിലപാടിനെതിരെ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് അടുത്തതോടെ അനുനയ നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഉത്തരവ് വന്നാല്‍ തടഞ്ഞു വച്ചിരിക്കുന്ന നിരവധി അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാന്‍ സാധ്യതയുണ്ട്. എന്‍.എസ്.എസ് കേസില്‍ ഭിന്നശേഷി വിഭാഗത്തിനായി നീക്കി വയ്‌ക്കേണ്ട തസ്തികകള്‍ ഒഴികെ മറ്റുള്ളവയില്‍ അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.