എപ്സ്റ്റീന്‍ ഫയല്‍ വിവാദം: ബ്രിട്ടീഷ് മുന്‍ രാജകുമാരന്‍ ആന്‍ഡ്രു വിന്‍ഡ്‌സര്‍ അറുപത്താറാം ജന്മദിനത്തില്‍ അറസ്റ്റില്‍

എപ്സ്റ്റീന്‍ ഫയല്‍ വിവാദം: ബ്രിട്ടീഷ് മുന്‍ രാജകുമാരന്‍ ആന്‍ഡ്രു വിന്‍ഡ്‌സര്‍ അറുപത്താറാം ജന്മദിനത്തില്‍ അറസ്റ്റില്‍

ലണ്ടന്‍: ബ്രിട്ടീഷ് മുന്‍ രാജകുമാരന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ അറസ്റ്റില്‍. ജെഫ്രി എപ്സ്റ്റീന്‍ കേസിലെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് അറസ്റ്റ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് കേസ്.

അറുപത്താറാം ജന്മദിനത്തിലാണ് സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റിലെ വസതിയില്‍ നിന്ന് തേംസ് വാലി പൊലീസ് ആന്‍ഡ്രൂവിനെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ ആറ് പൊലീസ് വാഹനങ്ങളാണ് ആന്‍ഡ്രുവിന്റെ വസതിയില്‍ എത്തിയത്.

അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ ആന്‍ഡ്രൂവിനെതിരേ അന്വേഷണം നടന്നു വരികയായിരുന്നു. തുടര്‍ന്നാണ് പബ്ലിക് ഓഫീസ് ദുരുപയോഗം ചെയ്‌തെന്ന കാരണത്താല്‍ ആന്‍ഡ്രൂവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ആന്‍ഡ്രൂ 'ട്രേഡ് എന്‍വോയ്' ആയിരുന്ന കാലത്ത് എപ്സ്റ്റീനുമായി രഹസ്യരേഖകള്‍ പങ്കുവെച്ചെന്നാണ് പരാതി. കൃത്യമായ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് പോലീസ് ആന്‍ഡ്രൂവിന്റെ അറസ്റ്റിലേക്ക് കടന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജെഫ്രി എപ്സ്റ്റീന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷവും ആന്‍ഡ്രൂ രാജകുമാരന്‍ വിവാദ വ്യവസായിയുമായി അടുത്ത ബന്ധം തുടര്‍ന്നുവെന്നാണ് രേഖകള്‍ വിശദമാക്കുന്നത്. രാജകുമാരന്റെ മോശം പെരുമാറ്റം വിശദമാക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇരുവരും തമ്മില്‍ സ്ത്രീകളെ കൈമാറ്റം ചെയ്യുന്നത് അടക്കം ചര്‍ച്ച ചെയ്തിരുന്നു.

അടുത്തിടെ അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയല്‍സിലെ ഏറ്റവും പുതിയ രേഖകളിലും ആന്‍ഡ്രൂവിന്റെ വിവാദ ചിത്രങ്ങളുണ്ടായിരുന്നു. ആന്‍ഡ്രൂ ഒരു യുവതിയുമായി അടുത്തിടപഴകുന്ന ചിത്രങ്ങളാണ് ഒടുവിലായി പുറത്തു വന്നത്

അതേസമയം ആന്‍ഡ്രൂ യു.എസ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടിരുന്നു. നിര്‍ണായ രേഖകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

വിവാദ വ്യവസായിയുമായുള്ള ബന്ധങ്ങളെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് ആന്‍ഡ്രൂ രാജകുമാരനെ പുറത്താക്കിയിരുന്നു. നാവിക സേനയിലെ പദവികളും ആന്‍ഡ്രൂ മൌണ്ട്ബാറ്റന്‍ വിന്‍സറിന് നഷ്ടമായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.