ലിയോൺ: വെറും 23 വയസ് മാത്രം പ്രായമുള്ള കാത്തലിക് ആക്ടിവിസ്റ്റ് ക്വെന്റിൻ ഡെറാൻകിന്റെ ദാരുണമായ കൊലപാതകം ഫ്രാൻസിനെ വലിയൊരു പ്രക്ഷോഭത്തിലേക്ക് നയിക്കുന്നു. സമാധാനത്തിന്റെയും ജീവന്റെയും സന്ദേശവുമായി ഇറങ്ങിത്തിരിച്ച ഈ യുവാവിനെ ഒരു സംഘം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രണയത്തിന്റെ ദിനമായ വാലന്റൈൻ ദിനത്തിൽ ക്വെന്റിൻ ലോകത്തോട് വിടപറഞ്ഞത് കത്തോലിക്കാ സമൂഹത്തിന് വലിയൊരൊ നൊമ്പരമായി മാറി.
മുഖംമൂടി ധരിച്ചെത്തിയ സംഘം ക്വെന്റിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഒരു ഇടതുപക്ഷ പാർട്ടി സംഘടിപ്പിച്ച പ്രോ-പാലസ്തീൻ സമ്മേളന വേദിയിലാണ് ഈ അക്രമം അരങ്ങേറിയത്. അബോർഷൻ, ജെൻഡർ ഐഡിയോളജി തുടങ്ങിയ വിഷയങ്ങളിൽ കത്തോലിക്കാ മൂല്യങ്ങൾ മുറുകെപ്പിടിക്കാനാണ് ക്വെന്റിൻ ശ്രമിച്ചത്. സമാധാനപരമായ പ്രതിഷേധം നടത്തിയ യുവാവിനെ ആശയപരമായ വിയോജിപ്പിന്റെ പേരിൽ കൊന്നൊടുക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരു പാർലമെന്റ് അംഗത്തിന്റെ സഹായിയും ഉൾപ്പെട്ടുവെന്നത് സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഒരു പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ കൊലപാതകത്തെ ന്യായീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പ്രസ്താവിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഈ നിഷ്ഠൂര കൃത്യത്തിനെതിരെ ശക്തമായി പ്രതികരിച്ചു.
സെന്റ് ജോർജ് ഇടവകയിലെ സജീവ സാന്നിധ്യമായിരുന്ന ക്വെന്റിൻ പാവപ്പെട്ടവരെ സഹായിക്കുന്നതിൽ എപ്പോഴും മുൻപന്തിയിലായിരുന്നു. പരമ്പരാഗത ലാറ്റിൻ കുർബാനയെ സ്നേഹിച്ചിരുന്ന വലിയ ദൈവശാസ്ത്ര പണ്ഡിതന്മാരുടെ പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ആ ശാന്തനായ യുവാവിന്റെ നഷ്ടം പരിഹരിക്കാനാവാത്തതാണ്.