മിലാൻ: സ്കീ ജമ്പിങ് ട്രാക്കിലെ റെക്കോർഡുകൾക്കും അപ്പുറം തന്റെ അചഞ്ചലമായ വിശ്വാസം കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുകയാണ് പോളിഷ് താരം കാക്പർ ടോമാസിയാക്. 2026 വിന്റർ ഒളിമ്പിക്സിൽ മൂന്ന് മെഡലുകൾ നേടി ചരിത്രം കുറിച്ച ഈ 19 കാരൻ തന്റെ വിജയം ആഘോഷിക്കാൻ തിരഞ്ഞെടുത്തത് ആഡംബര പാർട്ടികളല്ല മറിച്ച് ദൈവത്തോടുള്ള നന്ദിസൂചകമായി വിശുദ്ധ കുർബാനയിൽ പങ്കുചേരാനാണ്.
ഒരു ശൈത്യകാല ഒളിമ്പിക്സിൽ മൂന്ന് മെഡലുകൾ നേടുന്ന ആദ്യ പോളിഷ് സ്കീ ജമ്പർ എന്ന ഖ്യാതിയാണ് കാക്പർ സ്വന്തമാക്കിയത്. ഫെബ്രുവരി ഒമ്പത്, 16 തീയതികളിൽ നടന്ന വ്യക്തിഗത, ടീം ഇനങ്ങളിൽ വെള്ളിയും ഫെബ്രുവരി 14 ന് നടന്ന വ്യക്തിഗത സ്കീ ജമ്പ് മത്സരത്തിൽ വെങ്കലവും അദേഹം കരസ്ഥമാക്കി. മിലാൻ കോർട്ടിന ഗെയിംസിലെ തകർപ്പൻ പ്രകടനത്തിലൂടെ അന്താരാഷ്ട്ര വിന്റർ സ്പോർട്സ് സമൂഹത്തെ ഈ കൗമാരക്കാരൻ അമ്പരപ്പിച്ചു.
ഓരോ ചാട്ടത്തിന് മുൻപും നെറ്റിയിൽ കുരിശടയാളം വരച്ച് മത്സരത്തിനിറങ്ങുന്ന കാക്പർ കായിക ലോകത്തിന് വലിയൊരു പ്രചോദനമാണ്. മെഡൽ നേട്ടത്തിന് ശേഷം പ്രെഡാസോ പള്ളിയിലെ ചാപ്പലിൽ നടന്ന കുർബാനയ്ക്കിടെ തന്റെ മെഡലുകൾ അദ്ദേഹം അൾത്താരയിൽ സമർപ്പിച്ചു. "എന്റെ കായിക ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിത്" എന്നായിരുന്നു മെഡൽ നേട്ടത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ എളിമയോടെയുള്ള പ്രതികരണം.
മാധ്യമ സമ്മർദ്ദങ്ങൾക്കും ബ്രാൻഡിങിനും പിന്നാലെ പോകാതെ ലാളിത്യം കാത്തുസൂക്ഷിക്കുന്ന കാക്പറിനെ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ആത്മീയതയോടാണ് ഒളിമ്പിക് ചാപ്ലെയിൻ ഫാ. പ്ലെൻ ഉപമിച്ചത്. ദൈവത്തിൽ നിന്ന് ലഭിച്ച കഴിവുകളെ സ്വയം സമർപ്പണത്തിലൂടെ വികസിപ്പിച്ചെടുത്തുവെന്ന് അദേഹം പറഞ്ഞു.
തെക്കൻ പോളണ്ടിലെ ബിയൽസ്കോ-ബിയാലയിലെ തന്റെ ഇടവകയിൽ ഇന്നും ഒരു അൾത്താര ബാലനായി സേവനമനുഷ്ഠിക്കുന്ന കാക്പർ തന്റെ വിശ്വാസത്തെ പ്രൊഫഷണൽ ജീവിതത്തിൽ നിന്ന് വേർപെടുത്താതെ ചേർത്തുപിടിക്കുന്നു. പ്രവൃത്തിയിലൂടെ ദൈവ സ്നേഹം പ്രഖ്യാപിക്കുന്ന ഈ കൗമാരക്കാരന്റെ ജീവിതം അനേകർക്ക് മാതൃകയാവുകയാണ്.