നോമ്പ് വെറും ഭക്ഷണം ഉപേക്ഷിക്കലല്ല, ആത്മീയ വിപ്ലവം; ഹോളിവുഡ് താരങ്ങളായ മാർക്ക് വാൽബെർഗും ജോനാഥൻ റൂമിയും ഒരേ വേദിയിൽ

നോമ്പ് വെറും ഭക്ഷണം ഉപേക്ഷിക്കലല്ല, ആത്മീയ വിപ്ലവം; ഹോളിവുഡ് താരങ്ങളായ മാർക്ക് വാൽബെർഗും ജോനാഥൻ റൂമിയും ഒരേ വേദിയിൽ

ലോസ് ഏഞ്ചൽസ്: ആഗോള ക്രൈസ്തവ സമൂഹം വലിയ നോമ്പിലേക്ക് പ്രവേശിച്ചപ്പോൾ ആത്മീയമായ ഉണർവ് ലക്ഷ്യമിട്ട് ഹോളിവുഡ് താരങ്ങളുടെ വേറിട്ട ഇടപെടൽ. ലോകപ്രശസ്ത നടൻ മാർക്ക് വാൽബെർഗും ‘ദ ചോസൻ’ പരമ്പരയിൽ യേശുവിനെ അവതരിപ്പിച്ച ജോനാഥൻ റൂമിയുമാണ് നോമ്പ് കാലത്തെ നവീകരണത്തിനായി കൈകോർത്തത്. പ്രശസ്തമായ ‘ഹാലോ’ എന്ന പ്രാർത്ഥനാ ആപ്പിലൂടെയാണ് ഇരുവരും തങ്ങളുടെ വിശ്വാസസാക്ഷ്യം പങ്കുവച്ചത്.

ഈ നോമ്പുകാലം വെറുമൊരു ഭക്ഷണമുപേക്ഷിക്കലല്ല മറിച്ച് ദൈവവുമായുള്ള ബന്ധം പുതുക്കാനുള്ള വിശുദ്ധമായ അവസരമാണെന്ന് താരങ്ങൾ ഓർമിപ്പിക്കുന്നു. "നമ്മുടെ ഭൗതിക ജീവിതം താൽക്കാലികമാണ്. ശാശ്വതമായ ദൈവത്തിലേക്ക് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്" എന്ന് മാർക്ക് വാൽബെർഗ് പറഞ്ഞു. തിരക്കുകൾക്കിടയിലും ദൈവത്തിന് ഒന്നാം സ്ഥാനം നൽകാൻ നോമ്പ് നമ്മെ പ്രാപ്തരാക്കുമെന്ന് അദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി സമയം മാറ്റിവയ്‌ക്കേണ്ടതിന്റെ പ്രാധാന്യം ജോനാഥൻ റൂമി എടുത്തു പറഞ്ഞു. വിശുദ്ധ ഗ്രന്ഥ പാരായണവും നിശബ്ദതയും ആത്മീയ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് അദേഹം ആരാധകരെ ഓർമിപ്പിച്ചു.

എറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ ((EWTN)  പ്രവർത്തകരും വിഭൂതി ബുധനിൽ നെറ്റിയിൽ കുരിശ് വരച്ചാണ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. ഇത് വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. നിരവധി വിശ്വാസികളാണ് ഇവരുടെ നിലപാടിനെ അനുകൂലിച്ച് കമന്റുകളുമായി രംഗത്തെത്തുന്നത്. ഹോളിവുഡ് താരങ്ങളോടൊപ്പം തന്നെ മാധ്യമ പ്രവർത്തകരും ഇത്തരത്തിൽ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്നത് വലിയൊരു ആത്മീയ വിപ്ലവമായി വിലയിരുത്തപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.