അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ മിന്നലാക്രമണം; ഇന്ന് പുലർച്ചെ നടന്നത് ഓപ്പറേഷൻ സിന്ദൂറിന് സമാനമായ സംഭവങ്ങൾ

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാന്റെ മിന്നലാക്രമണം; ഇന്ന് പുലർച്ചെ നടന്നത് ഓപ്പറേഷൻ സിന്ദൂറിന് സമാനമായ സംഭവങ്ങൾ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങൾക്ക് മറുപടിയായി അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക് സൈന്യത്തിന്റെ ശക്തമായ പ്രത്യാക്രമണം. ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ നിരോധിത സംഘടനയായ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാന്റെയും ‌ഐഎസ് ഗ്രൂപ്പിന്റെയും ഏഴോളം ഒളിത്താവളങ്ങൾ തകർത്തതായി പാക് ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ പക്തിക, നംഗർഹാർ പ്രവിശ്യകളിലെ ഭീകരവാദ ക്യാമ്പുകൾ ലക്ഷ്യമിട്ടായിരുന്നു പാക് വ്യോമസേനയുടെ നീക്കം. ടോളോ ന്യൂസിന്റെ റിപ്പോർട്ടുകൾ പ്രകാരം പക്തികയിലെ ബെർമൽ ജില്ലയിലുള്ള ഒരു മതപഠന കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായി. ഫിറ്റ്‌ന അൽ ഖ്വാരിജ്, ദാഇഷ് ഖൊറാസാൻ പ്രവിശ്യ എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളും തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാനിലെ ബജൗറിലും ബന്നു വിലും ഉണ്ടായ ചാവേർ സ്ഫോടനങ്ങളാണ് പാക് സൈന്യത്തെ പ്രകോപിപ്പിച്ചത്. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സുരക്ഷാ പോസ്റ്റിലേക്ക് ഇടിച്ചു കയറി 11 സൈനികരും ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയത് അഫ്ഗാൻ പൗരനാണെന്ന് അധികൃതർ സ്ഥിരീകരിച്ചിരുന്നു.

അഫ്ഗാൻ മണ്ണ് മറ്റ് രാജ്യങ്ങൾക്കെതിരെയുള്ള ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന ദോഹ കരാർ പാലിക്കാൻ താലിബാൻ ഭരണകൂടം തയ്യാറാകണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. ഒക്ടോബർ മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ സംഘർഷഭരിതമായി തുടരുകയാണ്. അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ ഈ നീക്കത്തോട് അഫ്ഗാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.