അസം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ ബോറ ബിജെപിയില്‍ ചേര്‍ന്നു

അസം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ ബോറ ബിജെപിയില്‍ ചേര്‍ന്നു

ദിസ്പൂര്‍: അസം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ ബോറ ബിജെപിയില്‍ ചേര്‍ന്നു. അസമിലെ ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സഞ്ജു ബോറയും ഭൂപന്‍ ബോറാക്കൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു.

ബംഗാളിനും കേരളത്തിനും തമിഴ്‌നാടിനുമൊപ്പം അസമും തിരഞ്ഞെടുപ്പിന് തയ്യാറെടുക്കവെയാണ് ബോറയുടെ കൂടുമാറ്റം. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണമാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് ബോറ പറഞ്ഞു.
ഫെബ്രുവരി 16ന് ബോറ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് എംപിയും പിസിസി അധ്യക്ഷനുമായ ഗൗരവ് ഗൊഗോയിയുമായുള്ള ചര്‍ച്ചക്ക് ശേഷം ബോറ രാജി പിന്‍വലിച്ചിരുന്നു. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബോറ ബിജെപി പാളയത്തിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചു.

കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറെടുക്കുകയാണെന്നും അമിത് ഷായ്ക്കൊപ്പമുള്ള കൂടിക്കാഴ്ചക്ക് ശേഷം ഭൂപന്‍ ബോറ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നുള്ള തന്റെ രാജി തീരുമാനം പുനപരിശോധിക്കാന്‍ ബോറ സമയം ചോദിച്ചിരുന്നെങ്കിലും അടുത്ത ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അദേഹത്തിന്റെ വസതിയിലെത്തി ഫെബ്രുവരി 22 ന് ബോറ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. 1990 കളുടെ തുടക്കത്തില്‍ ഒരേ കാലഘട്ടത്തിലാണ് ഹിമന്തയും ബോറയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2015 ല്‍ ഹിമന്ത കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു.

മൂന്ന് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് ശേഷമാണ് ബോറ പാര്‍ട്ടി വിടുന്നത്. 2021 മുതല്‍ 2025 വരെ ബോറ കോണ്‍ഗ്രസിന്റെ അസം പ്രസിഡന്റായിരുന്നു. 2025 ജൂണിലാണ് ഗൗരവ് ഗൊഗോയ് അദേഹത്തിന് പകരക്കാരനായി നിയമിതനായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.