സിഡ്‌നി: ആഗോളതലത്തിൽ ശ്രദ്ധേയമായ ഗർഭച്ഛിദ്ര വിരുദ്ധ മുന്നേറ്റം '40 ഡേയ്‌സ് ഫോർ ലൈഫ്' സിഡ്‌നിയിൽ പുനരാരംഭിച്ചു. ക്വീൻസ്‌ലൻഡിലെ ടൗൺസ്‌വില്ലിൽ ഗർഭച്ഛിദ്രത്തിന് പിന്നാലെ ഒരു കുഞ്ഞ് ജീവനോടെ ജനിച്ചുവെന്ന മാധ്യമ റിപ്പോർട്ടുകൾ ഓസ്‌ട്രേലിയയിൽ വലിയ ചർച്ചയാകുന്നതിനിടയിലാണ് സിഡ്‌നിയിലും കാമ്പയിൻ സജീവമാകുന്നത്.
16 ആഴ്ച പ്രായമുള്ള ഭ്രൂണത്തെ ഗർഭച്ഛിദ്രം നടത്തിയപ്പോൾ കുഞ്ഞ് ജീവനോടെ പുറത്തുവന്നെന്നും ഏകദേശം 30 മിനിറ്റോളം ജീവൻ നിലനിന്നുവെന്നും സൗത്ത് ഓസ്‌ട്രേലിയൻ പ്രോ-ലൈഫ് പ്രവർത്തക ഡോ. ജോവാന ഹൗ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവം ക്വീൻസ്‌ലൻഡ് ഹെൽത്ത് വകുപ്പ് നിലവിൽ അന്വേഷിച്ചു വരികയാണ്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സമാധാനപരമായ പ്രാർത്ഥനയുമായി 40 ഡേയ്‌സ് ഫോർ ലൈഫ് പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.
ഫെബ്രുവരി 17 ന് ലൂയിഷാമിലെ സെന്റ് തോമസ് ഓഫ് കാന്റർബറി പാരിഷിലാണ് കാമ്പയിന്റെ ഉദ്ഘാടനം നടന്നത്. എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പാർലമെന്റ് ഹൗസിന് മുന്നിൽ പ്രാർത്ഥനാ മതിൽ ഉയരും. ഗർഭച്ഛിദ്ര കേന്ദ്രങ്ങൾക്ക് മുന്നിൽ സമാധാനപരമായ സാന്നിധ്യമായി ഇരിക്കുക, പ്രാർത്ഥനയിലൂടെയും സ്നേഹത്തിലൂടെയും ഹൃദയങ്ങളിൽ മാറ്റം വരുത്തുക എന്നതാണ് ലക്ഷ്യം.
ഉദ്ഘാടന ചടങ്ങിൽ അനുഷ്ക ഫിർത്ത് തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. ഒറ്റപ്പെട്ടുപോയവർക്കും ഭയചകിതരായവർക്കും പ്രാർത്ഥനയും പിന്തുണയും നൽകേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. "സമൂഹത്തിലെ ഇന്നത്തെ അരാജകത്വത്തിൽ നിന്നുള്ള ഏക പോംവഴി ഹൃദയപരിവർത്തനമാണ്" എന്ന് ഫാമിലി ലൈഫ് ഇന്റർനാഷണൽ ഡയറക്ടർ പോൾ ഹൻറഹാൻ പറഞ്ഞു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫേസ്ബുക്ക് പേജിലൂടെ രജിസ്റ്റർ ചെയ്യണമെന്നും ആരും തനിയെ പ്രാർത്ഥിക്കേണ്ടി വരില്ലെന്നും സംഘാടകർ അറിയിച്ചു.