തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.
സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ അനില്‍ കുമാറടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് നമ്പറുകള്‍ ശേഖരിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ഹര്‍ജിയിലെ ആരോപണം.
മുഖ്യമന്ത്രിയടക്കമുള്ളവരെ എതിര്‍കക്ഷി ചേര്‍ത്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളമുള്ള ജീവനക്കാര്‍ക്ക് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള സന്ദേശമെത്തിയിരുന്നു.
ഡിഎ പത്ത് ശതമാനം അനുവദിച്ച് ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാരുടെ വാട്‌സാപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം വന്നത്. ജീവനക്കാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകളിലേക്ക് ഗ്രൂപ്പായി സന്ദേശമയച്ചതിലൂടെ ശമ്പള സോഫ്റ്റ് വെയറായ സ്പാര്‍ക്കില്‍ നിന്നുള്ള ഡേറ്റാ ചോര്‍ത്തിയെന്നും ജീവനക്കാരുടെ സ്വകാര്യത ലംഘിച്ചെന്നും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ജീവനക്കാരുടെ പേരു പറഞ്ഞ് അഭിസംബോധന ചെയ്താണ് മുഖ്യമന്ത്രിയുടെ സന്ദേശം. കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ട്. വരും നാളുകളിലും ഈ കരുതല്‍ തുടരുമെന്നുമായിരുന്നു സന്ദേശം.