എല്‍ മെന്‍ചോയുടെ രഹസ്യകേന്ദ്രം കണ്ടെത്തിയത് കാമുകിയുടെ നീക്കങ്ങള്‍ പിന്തുടര്‍ന്ന്; ഏറ്റുമുട്ടലില്‍ എഴുപതിലധികം പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എല്‍ മെന്‍ചോയുടെ രഹസ്യകേന്ദ്രം കണ്ടെത്തിയത് കാമുകിയുടെ നീക്കങ്ങള്‍ പിന്തുടര്‍ന്ന്; ഏറ്റുമുട്ടലില്‍ എഴുപതിലധികം പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

മെക്സിക്കോ സിറ്റി: സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവന്‍ നെമെസിയോ ഒസെഗ്വേര സെര്‍വാന്റസ് എന്ന എല്‍ മെന്‍ചോയ്ക്ക് വിനയായത് കാമുകിയുടെ നീക്കങ്ങളെന്ന് റിപ്പോര്‍ട്ട്.

കാമുകിയുടെ നീക്കങ്ങള്‍ രഹസ്യമായി പിന്തുടര്‍ന്ന മെക്സിക്കന്‍ സൈന്യം എല്‍ മെന്‍ചോയുടെ ഹലിസ്‌കോ തപല്‍പയിലെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. ഇയാള്‍ ഒളിത്താവളത്തിലുണ്ടെന്ന് സ്ഥിരീകരിച്ചതോടെ സൈന്യം പ്രദേശം വളയുകയും പിന്നീട് പരസ്പര വെടിവെപ്പുണ്ടാവുകയുമായിരുന്നു.

മയക്കുമരുന്ന് മാഫിയ സംഘടനയായ സിജെഎന്‍ജി കാര്‍ട്ടലിന്റെ തലവനായ എല്‍ മെന്‍ചോയുടെ കാമുകിയുടെ വിശ്വസ്തനായ ഒരു കൂട്ടാളിയെ അന്വേഷണ ഏജന്‍സികളും ഇന്റലിജന്‍സ് വൃത്തങ്ങളും നേരത്തേ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് ഇവരുടെ നീക്കങ്ങളെല്ലാം അന്വേഷണ ഏജന്‍സികള്‍ പിന്തുടര്‍ന്നു.

കഴിഞ്ഞ ദിവസം എല്‍ മെന്‍ചോയെ കാണാനായി കാമുകിയും കൂട്ടാളിയും ഒരുമിച്ചാണ് തപല്‍പയിലെ ഗ്രാമ പ്രദേശത്തെ രഹസ്യ കേന്ദ്രത്തിലേക്ക് പോയത്. കാമുകി ഗ്രാമത്തിലേക്ക് പോകുന്നതും അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഒരു രാത്രി മുഴുവന്‍ കാമുകി എല്‍ മെന്‍ചോയ്‌ക്കൊപ്പം ഇവിടെ ചിലവഴിച്ചു. തുടര്‍ന്ന് കാമുകി പുറത്തേക്ക് പോയി.

ഇതോടെ മാഫിയ തലവന്‍ ഇവിടെയുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചു. തുടര്‍ന്ന് എല്‍ മെന്‍ചോയെ പിടികൂടാനുള്ള അന്തിമ പദ്ധതികള്‍ക്ക് സൈന്യം രൂപം നല്‍കി. മെക്സിക്കന്‍ സൈന്യത്തിന്റെയും നാഷണല്‍ ഗാര്‍ഡിന്റെയും കൂടുതല്‍ യൂണിറ്റുകള്‍ പ്രദേശം വളഞ്ഞു. ഇതേസമയം, ഹലിസ്‌കോയിലെ അതിര്‍ത്തികളില്‍ ആറ് സൈനിക ഹെലികോപ്റ്ററുകളും വട്ടമിട്ട് പറന്നു. പിന്നാലെ സൈന്യം എല്‍ മെന്‍ചോയെ ലക്ഷ്യമിട്ട് നീങ്ങി.

ഇതോടെ എല്‍ മെന്‍ചോയും കൂട്ടാളികളും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ശക്തമായതോടെ എല്‍ മെന്‍ചോയും രണ്ട് അംഗരക്ഷകരും വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്നുണ്ടായ കനത്ത ഏറ്റുമുട്ടലില്‍ എല്‍ മെന്‍ചോയും അംഗരക്ഷകരും വെടിയേറ്റ് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് മെക്സിക്കന്‍ പ്രതിരോധ സെക്രട്ടറി ജനറല്‍ റിക്കാര്‍ഡോ ട്രെവില്ല മാധ്യമങ്ങളോട് പറഞ്ഞു. സംഭവസമയത്ത് വടക്കന്‍ മെക്സിക്കോയിലായിരുന്ന പ്രസിഡന്റിനെ തത്സമയം ദൗത്യത്തിന്റെ വിവരങ്ങള്‍ അറിയിച്ചിരുന്നതായും പ്രതിരോധന സെക്രട്ടറി വ്യക്തമാക്കി.

എല്‍ മെന്‍ചോയ്ക്കെതിരായ സൈനിക നീക്കത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും സുരക്ഷാ സേനാംഗങ്ങളും കാര്‍ട്ടല്‍ അംഗങ്ങളും ഉള്‍പ്പെടെ എഴുപതിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഹലിസ്‌കോയില്‍ മാത്രം 25 നാഷണല്‍ ഗാര്‍ഡ് അംഗങ്ങളും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സെക്യൂരിറ്റി സെക്രട്ടറി ഒമര്‍ ഗാര്‍സിയ ഹര്‍ഫുച്ച് അറിയിച്ചു.

എല്‍ മെന്‍ചോയുടെ മരണത്തിന് പിന്നാലെ കാര്‍ട്ടല്‍ അംഗങ്ങള്‍ വ്യാപകമായ അക്രമമാണ് രാജ്യത്ത് അഴിച്ചു വിട്ടത്. സൈനികരെ കൊലപ്പെടുത്തുന്ന കാര്‍ട്ടല്‍ അംഗങ്ങള്‍ക്ക്, ഒരോ സൈനികനും 20,000 പെസോ വീതം എല്‍ മെന്‍ചോയുടെ കൂട്ടാളിയായ എല്‍ തുലി വാഗ്ദാനം ചെയ്തിരുന്നു.

സൈന്യത്തിനോടുള്ള പ്രതികാര ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനായിരുന്നു ഈ വാഗ്ദാനം. എന്നാല്‍ പിന്നീട് നടന്ന ഏറ്റുമുട്ടലില്‍ എല്‍ തുലിയെയും സൈന്യം വധിച്ചു. ഇയാളില്‍ നിന്ന് 1.4 മില്യണ്‍ യു.എസ് ഡോളറും ആയുധങ്ങളും പിടിച്ചെടുത്തു.

എല്‍ മെന്‍ചോയ്ക്കെതിരായ ഓപ്പറേഷനില്‍ അമേരിക്കന്‍ സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡി ഷെയ്ന്‍ ബോം പ്രതികരിച്ചത്. ഒളിവാത്തവളം സ്ഥിരീകരിക്കാന്‍ സഹായിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങളാണ് അമേരിക്ക കൈമാറിയതെന്നും പ്രസിഡന്റ് വ്യക്തമാക്കി.

മെക്സിക്കോയിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുകയെന്നതാണ് ഇപ്പോള്‍ പ്രധാനമെന്നും ഇന്ന് സ്ഥിതിഗതികള്‍ കൂടുതല്‍ ശാന്തമാണെന്നും പ്രസിഡന്റ്  ഷെയ്ന്‍ ബോം  പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.