മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് സ്പാര്‍ക്കിന് കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

 മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ട്  സ്പാര്‍ക്കിന് കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

പത്തനംതിട്ട: സ്പാര്‍ക്കില്‍ നിന്നടക്കം സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ കത്ത് പുറത്തുവിട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ സീതാറാം സാംബശിവ റാവു ആണെന്നും ചെന്നിത്തല പറഞ്ഞു. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ നിന്ന് ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ വിവരങ്ങള്‍ പിആര്‍ഡിക്ക് കൈമാറണം എന്നാണ് കത്തില്‍ ആവശ്യപ്പെട്ടതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

ഇക്കഴിഞ്ഞ ഡിസംബര്‍ 31 നാണ് സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ സീതാറാം സാംബശിവ റാവു ഇക്കാര്യം ആവശ്യപ്പെട്ട് വകുപ്പ് മേധാവികള്‍ക്ക് കത്തയച്ചത്. കേരളത്തിലെ എല്ലാ ഉദ്യോഗസ്ഥന്‍മാരുടെയും ഫോണ്‍ നമ്പര്‍, പേര്, വയസ്, ജെന്‍ഡര്‍, ജില്ല, താലൂക്ക്, വാര്‍ഡ്, ലോക്കല്‍ ബോഡി ഇതെല്ലാം ആവശ്യപ്പെട്ടായിരുന്നു കത്ത്.

2026 ഫെബ്രുവരി മാസത്തിന് മുമ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കണമെന്നും കത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സിസ്റ്റം ആരംഭിക്കുന്നുണ്ടെന്നും ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചെന്നും ഇതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിലെ എല്ലാ വകുപ്പിലെയും ജീവനക്കാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നുമാണ് കത്തില്‍ വ്യക്തമാക്കിയിരുന്നത്.

വ്യക്തിഗത വിവരങ്ങള്‍ പിആര്‍ഡിയുടെ സ്പെഷ്യല്‍ സെക്രട്ടറിക്കും ഐടി മിഷനിലേക്കും അയക്കാനാണ് വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ ഭാഗമായിട്ടാണ് ഈ കത്ത് എല്ലാ വകുപ്പ് തലവന്‍മാര്‍ക്കും അയച്ചതെന്നും ചെന്നിത്തല പറഞ്ഞു.

തിരഞ്ഞെടുപ്പ് ലാക്കാക്കി സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുകയും ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്ന രീതിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇത് സൂപ്രീം കോടതി വിധികള്‍ക്കെതിരാണെന്നും ചെന്നിത്തല പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.